
ദുബായ്: വർഷങ്ങളായി ദുബായിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന പഞ്ചാബ് സ്വദേശിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. 53-കാരനായ കുൽവന്ത് സിങ്ങിനാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഏകദേശം 1.3 കോടി രൂപ സമ്മാനമായി ലഭിച്ചത്. 5,00,000 ദിർഹമാണ് അദ്ദേഹം ഉൾപ്പെട്ട സംഘത്തിന് ലഭിച്ച സമ്മാനത്തുക. കഴിഞ്ഞ 18 വർഷമായി ദുബായിലെ ജബൽ അലി മേഖലയിൽ താമസിച്ച് ജോലി ചെയ്യുന്ന കുൽവന്തിന്റെ നേട്ടം പ്രവാസികൾക്കിടയിലും ശ്രദ്ധ നേടുകയാണ്.
ഓൺലൈൻ വീഡിയോകളിലൂടെയാണ് കുൽവന്ത് സിങ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഏകദേശം രണ്ട് വർഷം മുമ്പ് സുഹൃത്തുക്കൾക്കൊപ്പം ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങിയിരുന്നത്. ഇത്തവണത്തെ നറുക്കെടുപ്പിനായി കുൽവന്ത് യാദൃച്ഛികമായി തിരഞ്ഞെടുത്ത ടിക്കറ്റാണ് സംഘത്തിന് സമ്മാനനേട്ടം സമ്മാനിച്ചത്. വിജയവിവരം അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും മാസങ്ങളായി ഒരുമിച്ച് നടത്തിയ ശ്രമം ഒടുവിൽ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സമ്മാനത്തുകയിൽ തന്റെ വിഹിതം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാണ് കുൽവന്തിന്റെ തീരുമാനം. കുടുംബത്തിന് സഹായമാകുന്നതിനൊപ്പം വീടിനായും പണം ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്മാനത്തുക മുഴുവനായി ഒരാൾക്കല്ല ലഭിക്കുക; സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് തുക പങ്കിടുന്നത്. വരും നറുക്കെടുപ്പുകളിലും പങ്കെടുക്കുന്നത് തുടരാനാണ് സംഘത്തിന്റെ തീരുമാനം.
അതേസമയം, ഇതേ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള യുവാവിനും സമ്മാനം ലഭിച്ചിട്ടുണ്ട്. 30-കാരനായ എൻജിനീയർ മുഹമ്മദ് ഇജാസ് സിക്കാണ് ഒരു ലക്ഷം ദിർഹം, അതായത് ഏകദേശം 26 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. മകന്റെ ജനനത്തീയതിയും ജനിച്ച വർഷവും ചേർത്തുണ്ടാക്കിയ നമ്പറാണ് അദ്ദേഹം നറുക്കെടുപ്പിനായി തിരഞ്ഞെടുത്തത്. മകന്റെ ജനനവുമായി ബന്ധപ്പെട്ട നമ്പറിലൂടെ സമ്മാനം ലഭിച്ചത് നേട്ടത്തെ കൂടുതൽ സന്തോഷകരമാക്കിയെന്ന് ഇജാസ് പറഞ്ഞു. അബുദാബി ബിഗ് ടിക്കറ്റിന്റെ 291-ാം പരമ്പരയിലെ നറുക്കെടുപ്പിൽ അഞ്ച് ഇന്ത്യൻ പ്രവാസികൾക്കായി ആകെ 19.5 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് ലഭിച്ചത്.







Comments