
തിരുവനന്തപുരം: സിഎംആര്എല് -എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസുകള് രണ്ടുസംഘങ്ങളായി വിജിലന്സ് അന്വേഷിക്കും. ഇ ഡിയോട് വിവരങ്ങള് ആവശ്യപ്പെട്ട് കത്ത് നല്കും. കേസിലെ കൈക്കൂലിയും കള്ളപ്പണ ഇടപാടും വെവ്വേറെ അന്വേഷിക്കാനാണ് ഉദ്ദേശിക്കുന്നത്. സിഎംആര്എല്ലിലെ മുന് ജീവനക്കാര്, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള് എന്നിവരെയും ചോദ്യം ചെയ്യും.
രണ്ട് കേസുകളും വിജിലന്സ് അഴിമതി നിരോധന വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ വിഭാഗം ഒന്നാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ആദ്യകേസില് ഏഴുപ്രതികളാണ് ഉള്ളത്. 1.പിണറായി വിജയന് - ഒന്നാം പ്രതി 2.വീണ തൈക്കണ്ടിയില് (വീണ ടി.)- രണ്ടാം പ്രതി 3.എക്സാലോജിക് സൊല്യൂഷന്സ് പ്രൈവറ്റ് ലിമിറ്റഡ് 4.എസ്. എന്. ശശിധരന് കര്ത്ത 5. പി. സുരേഷ് കുമാര് 6. കൊച്ചിന് മിനറല്സ് ആന്ഡ് റൂട്ടൈല് ലിമിറ്റഡ് (സി.എം.ആര്.എല്.) 7.എംപവര് ഇന്ത്യ ക്യാപിറ്റല് ഇന്വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ആദ്യ കേസിലെ പ്രതികള്.
ഹവാല ഇടപാട് വരുന്ന രണ്ടാം കേസില് എട്ടുപ്രതികളാണ് ഉള്ളത്. 1.പി.എ. മുഹമ്മദ് റിയാസ് - ഒന്നാം പ്രതി 2.വീണ വിജയന് - രണ്ടാം പ്രതി 3.ഷാജില് (ഷ്യാല് മുഹമ്മദ്) 4.നിഖില് പി. 5. വാരിസ് (ഹസ്സന് വാരിഷ്) 6.ഫൈജാസ് വി.പി. 7.നന്ദുലാല് എം. 8.സുഹൈര് കരുവംപൊയില് 9.തിരിച്ചറിയാത്ത മറ്റുള്ളവരും ഗൂഢാലോചനയില് പങ്കാളികളായവരും.
വിദേശത്തേക്ക് പണം കടത്തിയെന്ന ആരോപണവും ഹവാല ഇടപാടുകളുടെ സാധ്യതയും പരിശോധിക്കുന്ന രണ്ടാമത്തെ കേസ് മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക കൈമാറ്റങ്ങളുടെ ഉറവിടവും ലക്ഷ്യവും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. നടത്തിയ അന്വേഷണത്തില് ലഭിച്ച വിവരങ്ങളും രേഖകളും തുടര്നടപടികള്ക്ക് അടിസ്ഥാനമായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്, സാക്ഷിമൊഴികള്, കരാറുകളുടെ വിശദാംശങ്ങള് എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടിവരും.
സി.എം.ആര്.എല്- എക്സാലോജിക് ഇടപാടുകളില് ക്രമക്കേടുകളും അധികാരദുരുപയോഗവും നടന്നിട്ടുണ്ടോയെന്നതാണ് വിജിലന്സ് പ്രധാനമായും അന്വേഷിക്കുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പദവിയും വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനവും ഉപയോഗിച്ച് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. പിണറായി വിജയനും വീണയും എക്സാലോജിക് സ്ഥാപനവും ചേര്ന്ന് സാമ്പത്തിക ഇടപാടുകള്ക്കായി ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറില് ആരോപിക്കുന്നുണ്ട്.
2016 മുതല് 2020 വരെയുള്ള കാലയളവിലെ ഇടപാടുകളാണ് അന്വേഷണത്തിന്റെ പ്രധാന പരിധി. ഐ.ടി. വിപണന സേവനങ്ങളും കണ്സള്ട്ടന്സി സേവനങ്ങളും നല്കിയെന്ന പേരില് പണം കൈമാറിയെങ്കിലും യഥാര്ഥത്തില് സേവനങ്ങള് നല്കിയിരുന്നില്ലെന്നാണ് പരാതിയില് ഉന്നയിച്ചിരിക്കുന്ന ആരോപണം. പണമിടപാടുകളുടെ സ്വഭാവം, കരാറുകളുടെ സാധുത, സേവനങ്ങള് നല്കിയതിന്റെ തെളിവുകള്, ബന്ധപ്പെട്ടവരുടെ പങ്ക് എന്നിവ അന്വേഷണത്തിലൂടെ പരിശോധിക്കേണ്ടിവരും.

Comments