
മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാഡിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്ന് രോഗി സ്ട്രെച്ചറോടെ റോഡിലേക്ക് വീണു. യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയുടെ ആംബുലൻസിലാണ് സംഭവം. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. ആംബുലൻസിന്റെ പിന്നിലൂടെ രോഗി റോഡിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രോഗികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയരുകയാണ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആംബുലൻസ് മുന്നോട്ടുപോകുന്നതിനിടെ പിന്നിലെ വാതിലിലൂടെ രോഗി സ്ട്രെച്ചറിനൊപ്പം റോഡിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രോഗി വീണതോടെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ നാട്ടുകാർ ഇടപെടുകയായിരുന്നു. രോഗിയെ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിരുന്നോ എന്ന ചോദ്യവും ഇതോടെ ഉയർന്നു. സ്ട്രെച്ചർ വാഹനത്തിനുള്ളിൽ കൃത്യമായി ഉറപ്പിച്ചിരുന്നില്ലേയെന്നും പിന്നിലെ വാതിൽ അടച്ചിരുന്നോ എന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ചർച്ചയാകുന്നത്.
അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ തുടർചികിത്സയ്ക്കായി പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. രോഗിക്ക് ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. രോഗിയെ അനുഗമിക്കേണ്ട ജീവനക്കാരൻ ആംബുലൻസിന്റെ മുൻവശത്തായിരുന്നു ഇരുന്നതെന്നും സ്ട്രെച്ചറിന്റെ ചക്രങ്ങൾ കൃത്യമായി ഉറപ്പിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർക്കും രോഗിയെ അനുഗമിക്കേണ്ടിയിരുന്ന ജീവനക്കാരനും ആശുപത്രി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രോഗിയെ സുരക്ഷിതമായി മാറ്റുന്നതിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ പരിശോധനയും നടക്കുന്നുണ്ട്. അടിയന്തര ചികിത്സയ്ക്കായി രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസിൽ പോലും ഇത്തരം സംഭവം ഉണ്ടായത് വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ചെറിയ അശ്രദ്ധപോലും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാമെന്ന ചർച്ചയ്ക്കും വൈറലായ ദൃശ്യങ്ങൾ വഴിവെച്ചു.







Comments