
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനും മുന്മന്ത്രി പി.എ. മുഹമ്മദ് റിയാസിനും എതിരേ വിജിലന്സ് അന്വേഷണം ഇന്ന് ആരംഭിക്കാനിരിക്കെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. മാസപ്പടികേസില് രാഷ്ട്രീയമായും നിയമപരമായും പിണറായിക്കും കുടുംബത്തിനും പൂര്ണ സംരക്ഷണം നല്കാനാണ് സിപിഐഎം തീരുമാനം.
കോടതി വിധി എതിരായാല് തുടര് നീക്കങ്ങള് എങ്ങനെയാവണം എന്നതിലും സംസ്ഥാന സെക്രട്ടേറിയറ്റില് ചര്ച്ചകള് നടക്കും. കണ്ണൂര് അടക്കമുള്ള വിശാല ജില്ലാ കമ്മിറ്റികളില് സ്വീകരിക്കേണ്ട സമീപനവും സെക്രട്ടറിയേറ്റ് ചര്ച്ച ചെയ്യും.
കേസില് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന് അടക്കമുള്ളവര് നല്കിയ അപ്പീലുകള് ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ഹര്ജികള് ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും, പിഴവുകള് തിരുത്തി ഫയല് സമര്പ്പിച്ചശേഷം വാദം കേള്ക്കാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പിണറായി വിജയന്, വീണ ടി, ശശിധരന് കര്ത്ത എന്നിവര് കുറ്റകരമായ ഗൂഢാലോചന നടത്തി എന്നാണ് വിജിലന്സ് എഫ്ഐആര്. പിണറായി വിജയന് വ്യക്തിതാല്പര്യങ്ങള്ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും സിഎംആര്എല്ലിനെയും വീണ ടിയുടെ കമ്പനിയായ ക്സാലോജിക്കിനെയും മറയാക്കി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പ്രവര്ത്തിച്ചുവെന്നുമാണ് വിജിലന്സ് എഫ്ഐആറില് പറയുന്നത്.
സിഎംആര്എല് എക്സാലോജിക്കിന് നല്കിയ തുക ദുരൂഹമാണെന്നും റിപ്പോര്ട്ടില് പറയുന്നു. 2016 ഓഗസ്റ്റിലും 2020 ജൂണിലും വീണ ടിയ്ക്കും എക്സാലോജിക്കിനും പണം നല്കിയത് പിണറായി വിജയനിലേക്ക് എത്തിയോ എന്ന് സംശയിക്കുന്നുണ്ടെന്നും എഫ്ഐആറില് പറയുന്നു.







Comments