
ഗുവാഹത്തി: ഇന്ത്യന് സൂപ്പര് ലീഗില് നിലവിലെ ചാംപ്യന്മാരായ മോഹന്ബഗാന് സീസണിലെ ആദ്യ മത്സരത്തില് തോല്വി. മലയാളിതാരം ജിതിന്റെ മികവില് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി എതിരില്ലാത്ത ഒരു ഗോളില് നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു. കളി തീരാന് നിമിഷങ്ങള് മാത്രം ബാക്കിനില്ക്കെയായിരുന്നു ഗോള്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ജിതിന് പകരക്കാരനായി കളത്തിലിറങ്ങിയത്.
ഇരു ടീമുകളും തുടക്കം മുതല് ആക്രമിച്ചു കളിച്ച മത്സരത്തില് ഒട്ടേറെ അവസരങ്ങള് പിറന്നെങ്കിലും ഗോള്കീപ്പര്മാരുടെയും പ്രതിരോധനിരയുടെയും മിന്നുന്ന പ്രകടനങ്ങള് പലതവണ രക്ഷകരായി. ആദ്യ മിനിറ്റില് തന്നെ നോര്ത്ത് ഈസ്റ്റ് ഗോള്മുഖം ആക്രമിച്ചെങ്കിലും മോഹന് ബഗാന് ഗോള്കീപ്പര് വിശാല് കൈത് അത് തടഞ്ഞു. ഒന്പതാം മിനിറ്റില് ലീ എര്വിന്റെ ഷോട്ട് പോസ്റ്റില് തട്ടിത്തെറിച്ചത് സന്ദര്ശകര്ക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയില് ഇരു ടീമുകളും തങ്ങളുടെ നിരയില് മാറ്റങ്ങള് വരുത്തി. നോര്ത്ത് ഈസ്റ്റ് അഷീര് അക്തറിന് പകരം ജിതിനെ കളത്തിലിറക്കിയപ്പോള്, മോഹന് ബഗാന് ചാങ്തെക്ക് പകരം മന്വീര് സിംഗിനെ ഇറക്കി. തുടര്ന്നും ഇരു ടീമുകളും ഗോളിനായി നിരന്തരം പൊരുതി. ആദ്യ തന്നെ നോര്ത്ത് ഈസ്റ്റ് ബഗാന് വലയില് പന്തെത്തിച്ചെങ്കിലും അലാദ്ദീന് അജാരൈ ഓഫ്സൈഡ് ആയി.
കളി സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ അവസാന നിമിഷങ്ങളിലാണ് നോര്ത്ത് ഈസ്റ്റിന്റെ വിജയഗോള് പിറന്നത്. ഇന്ജുറി ടൈമില് നോര്ത്ത് ഈസ്റ്റ് നടത്തിയ അവസാന മുന്നേറ്റത്തില്, ഗോള്കീപ്പര് തടഞ്ഞിട്ട പന്ത് പോസ്റ്റില് തട്ടിത്തെറിച്ച് കൃത്യമായി ജിതിന്റെ കാലുകളില് എത്തുകയായിരുന്നു. പന്ത് അനായാസം വലയിലാക്കിയ ജിതിന് സ്വന്തം കാണികള്ക്ക് ആവേശകരമായ വിജയം സമ്മാനിച്ചു.







Comments