
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. പ്രണയിച്ച് വിവാഹിതരായ ഇവരെ തമിഴകത്തെ മാതൃകാദമ്പതികളിലൊന്നായാണ് വിശേഷിപ്പിക്കാറുള്ളത്. മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരങ്ങൾ.
സമൂഹമാധ്യമങ്ങളിലും സജീവമായ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സ്നേഹയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് പ്രസന്ന പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ആരാധകർക്കിടയിൽ ചര്ച്ചയാകുന്നത്.
‘ഞാൻ എടുത്ത നിന്റെ ഓരോ ചിത്രത്തിലും നീ എത്ര അത്ഭുതകരമായ ഒരു സ്ത്രീയെന്നതിനുള്ള സ്നേഹവും ആരാധനയും നിറഞ്ഞുനിൽക്കുന്നുണ്ട്. ക്ഷീണം വകവെക്കാതെ നീ കഠിനാധ്വാനം ചെയ്യുന്നതും സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്നതും ഏറ്റവും സമർപ്പിതയായ ഒരമ്മയായിരിക്കുന്നതും എന്നിട്ടും എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും വലിയ ശക്തിയും പ്രിയപ്പെട്ട യാത്രാ പങ്കാളിയുമായി മാറാൻ സമയം കണ്ടെത്തുന്നതും ഞാൻ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ട്.
പക്ഷേ, അതുപോലെ തന്നെ എനിക്ക് മാത്രം കാണാൻ കഴിയുന്ന, ആ ഭ്രാന്തമായ തമാശയും കുസൃതിയും നിറഞ്ഞ ചെറിയ പെൺകുട്ടിയെയാണ് ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്നത്! എന്നെ ഭ്രാന്ത് പിടിപ്പിക്കുകയും മറ്റാരെയും പോലെ എന്നെ ചിരിപ്പിക്കുകയും ചെയ്യുന്നവൾ!
നിന്നെ ഞാൻ എത്രമാത്രം ആരാധിക്കുന്നുവെന്ന് പലപ്പോഴും പറയാറില്ല, കണ്ണമ്മ. നിന്റെ ശക്തിയും, നിന്റെ സ്നേഹനിർഭരമായ ഹൃദയവും, നീ സ്നേഹിക്കുന്ന രീതിയും ഓരോ ദിവസവും നിന്നിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുന്നു.
ജന്മദിനാശംസകൾ എന്റെ പ്രണയമേ! എല്ലാ ജന്മത്തിലും ഞാൻ നിന്നെത്തന്നെ തിരഞ്ഞെടുക്കും... വാശികളും കുസൃതികളും അടക്കം! ’എന്നായിരുന്നു പ്രസന്നയുടെ വാക്കുകൾ. പോസ്റ്റിനു താഴെ 'ലവ് യൂ മോർ' എന്നാണ് സ്നേഹ കമന്റായി കുറിച്ചത്.
2012 ലായിരുന്നു സ്നേഹയും പ്രസന്നയും വിവാഹിതരായത്. രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. വിഹാൻ, ആദ്യന്ത എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.







Comments