
മിയാമി: ഇംഗ്ളീഷ് പഠിക്കാഞ്ഞതും വിദ്യാഭ്യാസം ചെയ്യാന് കഴിയാതെ പോയതും ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമാണെന്ന് ഫുട്ബോള് ഇതിഹാസം ലിയോണേല് മെസ്സി. ഫുട്ബോളില് പ്രാപ്യമായത് എല്ലാം നേടിയെങ്കിലും തനിക്ക് ജീവിതത്തില് ചില പശ്ചാത്താപങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയ സൂപ്പര്താരം. അതിലൊന്ന് ഇംഗ്ലീഷില് ആശയവിനിമയം നടത്താന് കഴിയാതെ പോയതാണെന്നും മെസ്സി തുറന്നുപറഞ്ഞു.
ഇംഗ്ലീഷ് അറിയാത്തതിനാല് ജീവിതത്തില് വലിയ നഷ്ടങ്ങളുണ്ടായി. വളരെ പ്രധാനപ്പെട്ട ചില വ്യക്തികളെ കണ്ടുമുട്ടുമ്പോഴാണ് അതിന്റെ കുറവ് മനസ്സിലാക്കുന്നത്. അവരുമായൊക്കെ സംസാരിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഇംഗ്ലിഷ് അറിയാത്തത് തിരിച്ചടിയായി. മറിച്ചായിരുന്നുവെങ്കില് ചിലരുമായൊക്കെ കൂടുതല് സംസാരിക്കാമായിരുന്നു. സമയം കിട്ടിയിട്ടും ഇംഗ്ലിഷ് പഠിക്കാന് ശ്രമിക്കാതെ വെറുതേ സമയം കളഞ്ഞ വിഡ്ഡിയാണ് താനെന്ന് മെസ്സി പറഞ്ഞു.
വൈകി വന്ന തിരിച്ചറിവില് തന്റെ കുട്ടികളോട് എപ്പോഴും നന്നായി പഠിക്കാനും വിദ്യാഭ്യാസത്തില് ശ്രദ്ധ കേന്ദ്രീകരിക്കാനും താന് പറയാറുണ്ടെന്നും താരം വ്യക്തമാക്കി. വിദ്യാഭ്യാസത്തിന്റെയും പുതിയ കഴിവുകള് ആര്ജ്ജിക്കുന്നതിന്റെയും പ്രാധാന്യം പലപ്പോഴും ചെറുപ്പക്കാര് തിരിച്ചറിയാറില്ലെന്നും മെസി പറഞ്ഞു. എന്റെ കുട്ടികള് എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസം നേടണമെന്നും ആഗ്രഹിക്കുന്നു. നല്ല വിദ്യാഭ്യാസത്തിന്റെയും, പഠിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും ഞാന് കുട്ടികളോട് ഇപ്പോള് പറഞ്ഞു കൊടുക്കാറുണ്ട്. ഭാഷയില് പ്രാവീണ്യം നേടണമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്.
അര്ജന്റീനയിലെ തന്റെ അവസാന സ്കൂള് വര്ഷം ഒരു ദുരന്തമായിരുന്നു. ബാഴ്സിലോനയിലേക്ക് പോകുകയാണെന്ന് ഉറപ്പിച്ചിരുന്നു. എന്നെപ്പോലെ ബാഴ്സിലോണയിലേക്ക് എത്തിയ കുട്ടികള്ക്കൊപ്പമാണ് ഞാനും ഹൈസ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കിയത്. ഫുട്ബോളില് എല്ലാം ചെയ്യാനും അതിന്റെ ഉന്നതങ്ങളിലെത്തിച്ചേരാനും കഴിഞ്ഞു. പലതരം അനുഭവങ്ങളും പുതിയ പാഠങ്ങളും പഠിച്ചു.
ഫുട്ബോള് ഒരു ജീവിതചര്യയാണ്. അത് നിങ്ങളെ ഒരുപാട് കാര്യങ്ങള് പഠിപ്പിക്കും. മൂല്യങ്ങളും, ജീവിതാവസാനം വരെ നീണ്ടു നില്ക്കുന്ന ബന്ധങ്ങളുണ്ടാക്കി നല്കും. അറിയാത്ത നാടുകളിലേക്ക് നിങ്ങളെ എത്തിക്കുമെന്നും മെസ്സി കൂട്ടിച്ചേര്ത്തു. മെക്സിക്കന് പോഡ്കാസ്റ്റായ 'മിറോ ദി അട്രാസ്'ല് സംസാരിക്കുകയായിരുന്നു അദ്ദേഹം.







Comments