
മൻസ: ഫേസ്ബുക്ക് ലൈവ് പോകുന്നതിനിടെ, പഞ്ചാബിലെ മൻസയിൽ മെഡിക്കൽ സ്റ്റോറിൽ വെച്ച് ലഹരിവിരുദ്ധ പ്രവർത്തകനായ പർവീന്ദർ സിംഗ് ജോട്ട വെടിയേറ്റ് മരിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായി. മരുന്നുകൾ വാങ്ങാൻ എത്തിയപ്പോഴാണ് മെഡിക്കൽ സ്റ്റോറിൽ വെച്ച് വെടിവെപ്പ് നടന്നത്. പരിക്കേറ്റ ജോട്ടയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിപ്പോർട്ടുകൾ പ്രകാരം, മെഡിക്കൽ സ്റ്റോറിൽ വെടിവെപ്പ് നടക്കുന്ന സമയത്ത് പർവീന്ദർ സിംഗ് ജോട്ട ഫേസ്ബുക്കിൽ ലൈവ് ചെയ്യുകയായിരുന്നു. ലഹരിമരുന്ന് വിൽക്കുന്നതായി ആരോപിക്കപ്പെടുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം പ്രചാരണം നടത്തിവരികയായിരുന്നു. ലഹരിമരുന്നിന്റെ അനധികൃത വിൽപ്പനയ്ക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനിടയിലാണ് ഈ സംഭവം. മെഡിക്കൽ സ്റ്റോർ ഉടമ അശ്വിൻ കുമാറാണ് വെടിവെപ്പ് നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.
പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തെ അപലപിച്ച കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് രാജ വാറിങ്, സംസ്ഥാനത്തെ ക്രമസമാധാന നിലയും ഭഗവന്ത് മൻ സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. പഞ്ചാബിലെ ലഹരി പ്രശ്നത്തിനെതിരെ ജോട്ട ധീരമായി നിലകൊണ്ടെങ്കിലും ആം ആദ്മി പാർട്ടി (എഎപി) സർക്കാരിൽ നിന്ന് അദ്ദേഹത്തിന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പകൽവെളിച്ചത്തിൽ നടന്ന ഈ കൊലപാതകം സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







Comments