
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയെചൊല്ലി നിയമസഭയില് ഭരണപ്രതിപക്ഷ വാക്പോര്. സംസ്ഥാനത്തെ ആശുപത്രികളില് മരുന്നുകള് കിട്ടാനില്ലാത്ത അവസ്ഥയാണെന്നും ആരോഗ്യരംഗം അപകടാവസ്ഥയിലാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ഭരണം പോയതിന് മാത്രമേ മരുന്നില്ലാതെയുള്ളൂ എന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്നും, അധികാരം നഷ്ടപ്പെട്ടതിന്റെ ജാള്യതയാണ് അവര് ഇത്തരം വ്യാജ പ്രചാരണ ങ്ങളിലൂടെ മറച്ചുവെക്കാന് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന് പറഞ്ഞു. സര്ക്കാര് ആശുപത്രികളില് മരുന്നുകള് കിട്ടാനില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും പ്രതിപക്ഷം ആരോപിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ആരോഗ്യമേഖലയില് പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്നും, നിലവിലെ മരുന്നുക്ഷാമത്തെക്കുറിച്ചുള്ള വാര്ത്തകള് പൂര്ണ്ണമായും ഊതിവീര്പ്പിച്ചതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഗര്ഭിണികള്ക്കും കുട്ടികള്ക്കും ഉള്പ്പെടെയുള്ളവര്ക്ക് സര്ക്കാര് ആശുപത്രികളില് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയും പിടിപ്പുകേടുമാണ് ഇത്തരം ഗുരുതര പ്രതിസന്ധികള്ക്ക് കാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അട്ടപ്പാടി മേഖലയില് മാത്രം ഏഴ് ജൂനിയര് ഹെല്ത്ത് ഓഫീസര്മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
മരുന്ന് ക്ഷാമത്തിന് പിന്നില് സ്വകാര്യ ആശുപത്രി ലോബികളുമായി എന്തെങ്കിലും രഹസ്യ അജണ്ടയോ ഡീലോ ഉണ്ടോയെന്ന് പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചു. മുന് സര്ക്കാരിന്റെ കാലത്തെ പെരുമാറ്റച്ചട്ടങ്ങള് മൂലം സമയത്ത് പര്ച്ചേസ് ഓര്ഡറുകള് നല്കാന് കഴിഞ്ഞിരുന്നില്ല. കൂടാതെ യുദ്ധസാഹചര്യങ്ങള്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ഭീമമായ കുടിശ്ശിക എന്നിവയാണ് ഇപ്പോഴത്തെ തടസ്സങ്ങള്ക്ക് കാരണമെന്ന് വിശദീകരിച്ചു.
ലോക്കല് പര്ച്ചേസുകള് നടത്തിയും സ്റ്റോക്ക് കൂടുതലുള്ള ആശുപത്രികളില് നിന്ന് മരുന്നുകള് എത്തിച്ചും പ്രതിസന്ധി താല്ക്കാലികമായി പരിഹരിച്ചിട്ടുണ്ട്. ഇടനിലക്കാരെ പൂര്ണ്ണമായി ഒഴിവാക്കിക്കൊണ്ട് കെഎംഎസ്സിഎല് നേരിട്ട് മരുന്നുകള് വാങ്ങുന്നതിനുള്ള നടപടികള് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. സര്ക്കാര് വിശദീകരണത്തില് തൃപ്തരാകാതെ പ്രതിപക്ഷം തുടര്ന്ന് സഭയില് നിന്ന് വാക്കൗട്ട് നടത്തി.







Comments