
ന്യൂഡൽഹി: ചെറുകിട വ്യാപാരികൾക്ക് ലഭിക്കുന്ന പ്രതിമാസ യുപിഐ ക്യുആർ കോഡ് പേയ്മെന്റുകൾ ഒരു ലക്ഷം രൂപ വരെയാണെങ്കിൽ, അതിന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ചാർജുകൾ ഈടാക്കില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.
ചെറുകിട വ്യാപാരികൾക്ക് പ്രതിമാസം 1 ലക്ഷം രൂപ വരെയുള്ള ക്യുആർ കോഡ് വഴിയുള്ള യുപിഐ ഇടപാടുകൾക്ക് 0 രൂപ എംഡിആർ പ്രയോജനപ്പെടുത്താം. അതേസമയം, ഉപഭോക്താക്കൾക്ക് എല്ലാ ഇടപാടുകളും പൂർണ്ണമായും സൗജന്യമായിരിക്കും എന്നാണ് എസ്ബിഐ അറിയിക്കുന്നത്.
ക്യുആർ കോഡ് വഴി പ്രതിമാസം ഒരു ലക്ഷം രൂപ വരെ പേയ്മെന്റുകൾ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് സീറോ എംഡിആർ ആനുകൂല്യം ലഭിക്കും. വ്യവസ്ഥകൾക്ക് വിധേയമായി, ഇത് ബാങ്കിന്റെ നിർദ്ദിഷ്ട പേഴ്സൺ-ടു-പേഴ്സൺ മർച്ചന്റ് (പി2പിഎം) പേയ്മെന്റ് വിഭാഗത്തിന് ബാധകമായിരിക്കും. അതായത്, നിശ്ചിത പ്രതിമാസ പരിധിക്കുള്ളിൽ പേയ്മെന്റുകൾ സ്വീകരിക്കുന്ന ചെറുകിട കടക്കാർക്കും കച്ചവടക്കാർക്കും എംഡിആർ ചാർജുകൾ നൽകേണ്ടതില്ല.
അതേസമയം, ഉപഭോക്താക്കൾ യുപിഐ ഇടപാടുകൾക്ക് യാതൊരുവിധ ചാർജുകളും നൽകേണ്ടതില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട വ്യാപാരികൾ തങ്ങളുടെ പ്രതിമാസ ക്യുആർ പേയ്മെന്റ് തുക നിരീക്ഷിക്കുകയും, അത് സീറോ-എംഡിആർ ആനുകൂല്യത്തിന് അർഹമാണോ എന്ന് പരിശോധിക്കുകയും വേണം. നിശ്ചിത പ്രതിമാസ പരിധിയായ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പേയ്മെന്റുകൾ ലഭിക്കുന്ന ബിസിനസുകൾ, തങ്ങൾക്ക് ബാധകമാകുന്ന നിരക്കുകളെക്കുറിച്ച് എസ്ബിഐയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തേണ്ടതാണ്.







Comments