
നലസൊപാര: മഹാരാഷ്ട്രയിലെ നലസൊപാരയിൽ വിവാഹ വാഗ്ദാനം നൽകി 23 കാരിയായ യുവതിയെ നിരന്തരം പീഡിപ്പിക്കുകയും, 80-ഓളം സ്ത്രീകളെ വശീകരിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ 22 കാരനായ ജിം ട്രെയിനറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആരിഫ് ഷെയ്ഖിനെ നലസോപാര പോലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റഴിച്ചതായും പരാതിയുണ്ട്. പോലീസ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
തിങ്കളാഴ്ച രാത്രിയോടെ യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിയുടെ അമ്മ റുക്സാന, ബന്ധു സാനിൽ ഷെയ്ഖ് എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ആരിഫിന്റെ ബന്ധുവായ സാഹിലും തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ വഴിയാണ് യുവതി ആരിഫിനെ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ഒപ്പം താമസിപ്പിക്കുകയും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഇതിനുപുറമേ, മതപരിവർത്തനം നടത്താൻ ആരിഫും അമ്മയും ചേർന്ന് നിരന്തരം സമ്മർദ്ദം ചെലുത്തുകയും മർദ്ദിക്കുകയും ചെയ്തതായും യുവതി ആരോപിക്കുന്നു. നാല്പത് സ്ത്രീകളെ വരെ തനിക്ക് വശീകരിക്കാൻ കഴിയുമെന്ന് പറയുന്ന ഇയാളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇൻസ്റ്റാഗ്രാം വഴി ഹൈന്ദവ യുവതികളെ ലക്ഷ്യമിട്ട് അടുപ്പം സ്ഥാപിക്കുകയും, അവരുടെ അറിവോ സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയുമാണ് ആരിഫ് ചെയ്തിരുന്നതെന്ന് പരാതിക്കാരി പറയുന്നു. ഇതുപോലെ 70 മുതൽ 80 വരെ സ്ത്രീകളെ ഇയാൾ ചതിയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ ദൃശ്യങ്ങൾ പോർണോഗ്രാഫിക് വെബ്സൈറ്റുകളിൽ വിറ്റഴിച്ചതായും ആരോപണമുണ്ട്. ഫോണിൽ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നവരാത്രി ആഘോഷവേളയിൽ ഹൈന്ദവ സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന മറ്റൊരു കേസിലും ആരിഫിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.







Comments