
ദുബായ്: തീവ്രവാദ ആക്രമണം നടത്താൻ പദ്ധതിയിട്ടു എന്ന സംശയത്തെ തുടർന്ന് രണ്ട് ഫ്ലൈദുബായ് പൈലറ്റുമാരെ കൂടി ദുബായിൽ അറസ്റ്റ് ചെയ്തു. ഇരുവരും മുൻപ് ഇസ്രയേൽ സന്ദർശിച്ചിട്ടുള്ളവരാണ്. ഈ അറസ്റ്റുകൾ സൂചിപ്പിക്കുന്നത് കോക്ക്പിറ്റിലുണ്ടായ സുരക്ഷാ ഭീഷണി ഒരു സഹപൈലറ്റിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. രണ്ടുപേരും ഫ്ലൈദുബായ് ജീവനക്കാരാണ്. ഫ്ലൈദുബായിൽ നിലവിലുള്ള ആറ് മാലിദ്വീപ് പൈലറ്റുമാരിൽ ഏറ്റവും ഒടുവിൽ ജോലിയിൽ പ്രവേശിച്ചവരാണ് ഇവർ എന്ന് മാലിദ്വീപ് വാർത്താ മാധ്യമമായ 'അദാധു' റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 30-ന് വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിയുമൊത്ത് ഇവർ ജോലി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് വക്താവ് മൊഹമ്മദ് ഹുസൈൻ ഷരീഫും വിദേശകാര്യ മന്ത്രാലയ വക്താവും ഈ അറസ്റ്റ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൈലറ്റുമാർക്കെതിരെ പരസ്യമായി കുറ്റങ്ങൾ ചുമത്തിയിട്ടില്ല.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് എഫ്ഇസെഡ് 1073 (FZ1073) വിമാനത്തിന്റെ സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ഫ്ലൈറ്റ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ക്യാപ്റ്റന്റെ അവസരോചിതമായ ഇടപെടലിൽ യാത്രക്കാർ അക്രമിയെ കീഴ്പെടുത്തി ആക്രമണശ്രമം തടഞ്ഞു.
അസാഫ് എന്ന യാത്രക്കാരന്റെ മൊഴിപ്രകാരം, ക്രൂ അംഗങ്ങൾ പ്രതിയുടെ കയർ അഴിച്ചുമാറ്റാൻ ശ്രമിക്കുകയും യാത്രക്കാർ വീഡിയോ പകർത്തുന്നത് തടയുകയും ചെയ്തു. പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റന്റെ വായിലേക്ക് ദുരൂഹമായ ഒരു ഗുളിക വെച്ചുനൽകാൻ അവർ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. വിമാനത്തിൽ പുരുഷ ഫ്ലൈറ്റ് അറ്റൻഡന്റുകളെ മാത്രം നിയോഗിച്ചാണ് ഈ യാത്ര ക്രമീകരിച്ചിരുന്നതെന്നും അസാഫിന്റെ മൊഴിയിൽ പറയുന്നു. കുറ്റാരോപിതനായ പൈലറ്റിനെ സഹായിക്കാൻ വിമാനത്തിനുള്ളിൽ ആളുകൾ തയ്യാറുണ്ടായിരുന്നു എന്നതിന്റെ സൂചനയാണിത്. എന്നാൽ, ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല.







Comments