
ഒരു പതിറ്റാണ്ടിലധികമായി മലയാള സിനിമയില് നിറഞ്ഞു നില്ക്കുന്ന അഭിനേതാക്കളില് ഒരാളാണ് വിനയ് ഫോര്ട്ട്. ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച്, പിന്നീട് സീരിയസ് ക്യാരക്ടര് റോളുകള് ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ കലാകാരന്. തിയറ്ററുകളിൽ ചിരിമഴ തീർത്ത് മുന്നേറിയ ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലും ‘അലക്സ്’ എന്ന കഥാപാത്രമായി വിനയ് നിറഞ്ഞു നിന്നിരുന്നു. സ്ക്രീനില് കുറഞ്ഞ സമയത്തു മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും സിനിമയുടെ കഥാഗതി മാറ്റിവിടുന്ന കഥാപാത്രമാണ് താരത്തിന്റേത്. പ്രഥമദൃഷ്ഠ്യാ കുറ്റക്കാർ എന്ന സിനിമയിലും പ്രധാനമായ ഒരു കഥാപാത്രത്തെ വിനയ് അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് വിനയ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല് മീഡിയ ഏറ്റെടുക്കുന്നത്. താനടക്കമുള്ള മിക്ക അഭിനേതാക്കളും സിനിമയിലേക്ക് എത്താനുള്ള ഒരു പ്രധാന കാരണം മമ്മൂട്ടിയും മോഹന്ലാലുമാണെന്നും ഇവര്ക്കൊപ്പമുള്ള സിനിമകള് സ്പെഷ്യലാണെന്നും വിനയ് പറയുന്നു.
‘‘ഭൂരിഭാഗം അഭിനേതാക്കള്ക്കും അഭിനയത്തിലേക്ക് എത്താനുള്ള ഒരു പ്രചോദനം, ഇവര് രണ്ടാളുമാണ് ലാലേട്ടനും മമ്മൂക്കയും. അതില് മോഹന്ലാല് എന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുള്ള ആളാണ്. കുഞ്ഞിലേ മുതല് അദ്ദേഹത്തെ സ്ക്രീനില് കണ്ടത് എന്റെ മനസ്സിലുണ്ട്. അദ്ദേഹത്തിനൊപ്പം എനിക്ക് ഒരുമിച്ച് അഭിനയിക്കാന് കഴിഞ്ഞിട്ടില്ല. എന്നെ സംബന്ധിച്ച് പുള്ളിക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്പെഷ്യലാണ്. പുള്ളിക്കൊപ്പം അഭിനയിക്കുമ്പോള് വളരെ സോളിഡായിട്ടുള്ള ഗീവ് ആന്ഡ് ടേക്ക് ഉണ്ടാകണം. മമ്മൂക്കയ്ക്കൊപ്പം ഞാന് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോ ലാലേട്ടനെക്കുറിച്ച് പറയുകയാണെങ്കില്, ലാലേട്ടന് ഒന്നിനും സമയമുണ്ടാകില്ല. അദ്ദേഹത്തിന് നമ്മളെ കാണുമ്പോള് ‘ആ മോനെ...’ എന്ന് പറയാനുള്ള സമയമേ ഉണ്ടാകൂ. അദ്ദേഹത്തിന് എന്നെ കാര്യമായി അറിയാമോ എന്ന് പോലും വ്യക്തമല്ല. ഞാൻ അഭിനയിച്ച ഒരു സിനിമ അദ്ദേഹം കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ആരോ പറയുന്നത് കേട്ടു ചുരുളി കണ്ടിട്ടുണ്ടെന്ന്. ഈ ഗിവ് ആന്റ് ടേക്കേ ലാലേട്ടനുമായി ഉണ്ടായിട്ടുള്ളൂ. ബാക്കി മുഴുവൻ ആരാധന മാത്രമാണ്. എന്നെ ഭയങ്കരമായി ഇൻസ്പെെർ ചെയ്തിട്ടുണ്ട്.
മമ്മൂക്ക നമ്മളെ ഭയങ്കരമായി പരിഗണിക്കുന്ന ആളാണ്. എന്നെയെന്നല്ല ഒട്ടുമിക്ക ആളുകളെയും. ലെജൻഡായ ആളുകളെ കാണുമ്പോള് എനിക്ക് കുറച്ച് എംബരാസ്മെന്റ് ഉണ്ട്. അവരില് നിന്ന് ഞാൻ രണ്ട് സെക്കന്റ് എടുക്കുന്നില്ല എന്ന ചിന്തയാണ് എനിക്കാദ്യം. മമ്മൂക്ക നമ്മളെ പരിഗണിക്കും. എടോ താൻ അഭിനയിച്ച മറ്റേ പരിപാടി ഞാൻ കണ്ടു ട്ടോ എന്ന് പറയും. ആട്ടം ഏറ്റവും ആദ്യം കണ്ട ആളുകളില് ഒരാള് മമ്മൂക്കയാണ്. ഒരിക്കല് കണ്ടപ്പോള് ഞാൻ മാറാൻ നോക്കി. മുങ്ങേണ്ട, ഞാൻ കണ്ടു, ഞാൻ അന്നേ പറഞ്ഞില്ലേ അവാർഡ് കിട്ടുമെന്ന് മമ്മൂക്ക. എല്ലാവരെയും ചേർത്ത് നിർത്തുന്ന ആളാണ്. എപ്പോഴും ഒരു സംഭാഷണം ഉണ്ടാകും. എല്ലാവരെയും ഉള്ക്കൊള്ളും. അത് മമ്മൂക്കയുടെ ക്വാളിറ്റിയാണ്. കാരണം ഇവർ നമുക്ക് വേണ്ടി അത്ര സമയം തരണമെന്നില്ലല്ലോ...’’ എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് വിനയ് ഫോര്ട്ട് മമ്മൂട്ടിയെയും മോഹന്ലാലിനെക്കുറിച്ച് മനസ്സ് തുറന്നത്.







Comments