
നടി, ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം സുപരിചിതയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്നലെയായിരുന്നു അഹാനയുടെ 31-ാം പിറന്നാൾ. വിവാഹശേഷമുള്ള ആദ്യ പിറന്നാൾ എന്ന പ്രത്യേകതയും ഈ പിറനാളിനുണ്ട്. ഇപ്പോഴിതാ അഹാനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അച്ഛൻ കൃഷ്ണകുമാർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘വർഷങ്ങൾ പോയതറിഞ്ഞില്ല... ഇന്നും ഓർമയിൽ നിൽക്കുന്നത് സിന്ധുവിന്റെ ആദ്യപ്രസവ ദിവസം, അന്നത്തെ ആശുപത്രിയിലെ ലേബർ റൂമിനു വെളിയിൽ കുറെ ആളുകളുമായി സംസാരിച്ചിരിക്കുന്നതാണ്.. അവരും അകത്ത് പ്രസവത്തിനായി അഡ്മിറ്റായിരിക്കുന്നവരുടെ ബന്ധുക്കൾ.. ഇടയ്ക്കിടെ ലേബർ റൂമിന്റെ വാതിൽ തുറന്നു നേഴ്സ് പേര് വിളിക്കും. 'ബേബി ഓഫ്...'
ഉടനെ ബന്ധുക്കൾ ഓടി ചെല്ലും; കുഞ്ഞിനെ കാണും; ചിരിക്കും; സന്തോഷത്തോടെ ചോദിക്കും, "അകത്തുള്ള അമ്മയ്ക്ക് സുഖമാണോ?" അതേയെന്ന് അവർ പറയും.. വാതിൽ അടയും, കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകും.. ഓരോ തവണ വാതിൽ തുറക്കുമ്പോഴും 'എന്റേതാണോ' എന്ന് ആലോചിച്ചു എണീക്കും.. ഒമ്പതാം തവണ എണീറ്റു.. പത്താമത്തെ തവണ എണീറ്റപ്പോൾ നേഴ്സ് വിളിച്ചു പറഞ്ഞു, "ബേബി ഓഫ് സിന്ധു..." ഞാൻ അടുത്ത് ചെന്ന് നോക്കി.. ഒരു കൊച്ചു സുന്ദരിയെ കണ്ടു.. ഒരു നിമിഷം എടുക്കാൻ കയ്യിൽ തന്നു. സന്തോഷത്തേക്കാൾ മുകളിൽ നിൽക്കുന്ന വിവരിക്കാനാവാത്ത ഒരു വികാരം. സിന്ധുവിന് സുഖമാണെന്ന് നേഴ്സ് പറഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു. അമ്മയും കുഞ്ഞും സുഖം. ദൈവത്തിനു നന്ദി പറഞ്ഞു.
അന്ന് 1995 ഒക്ടോബർ മാസം 13. ഉച്ചയ്ക്ക് 3.21-ന് അമ്മു ജനിച്ചു. 30 വർഷങ്ങൾ ശരവേഗത്തിൽ കടന്നുപോയി.. 2026 സെപ്റ്റംബർ 13.. അഹാന.. ഞങ്ങളുടെ അമ്മു കല്യാണം കഴിച്ചു.. ഇന്ന് ഒക്ടോബർ 13, അമ്മുവിന് 31 വയസ്സ്.... എനിക്ക് 58..
എല്ലാം കൊണ്ട് അനുഗ്രഹീതമായ ജീവിതം തന്ന ദൈവത്തിനു നന്ദി.. ഞങ്ങളെ സ്നേഹിച്ചവർക്കും, ഞങ്ങൾക്കായി പ്രാർത്ഥിച്ചവർക്കും നന്മകൾ നേരുന്നു... അമ്മുവിന് പിറന്നാൾ ആശംസകൾ’. - എന്നായിരുന്നു കൃഷ്ണകുമാർ കുറിച്ചത്. അഹാനയുടെ കുട്ടിക്കാലത്തെ നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അമ്മ സിന്ധു കൃഷ്ണയും ഭർത്താവ് നിമിഷ് രവിയും സഹോദരിമാരായ ദിയയും, ഇഷാനിയും ഹൻസികയും തങ്ങളുടെ പ്രിയപ്പെട്ട അമ്മുവിന് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
‘‘പിറന്നാൾ ആശംസകൾ അമ്മൂ. ഞാൻ എപ്പോഴും ഒരു മാതൃകയായി കണ്ടിട്ടുള്ള, ഇന്നും ഏറെ ആരാധിക്കുന്ന എന്റെ പ്രിയപ്പെട്ട ചേച്ചി. നീ ആഗ്രഹിക്കുന്നതും അർഹിക്കുന്നതുമായ എല്ലാ സന്തോഷങ്ങളും സ്നേഹവും നിറഞ്ഞ മനോഹരമായ ഒരു വർഷം മുന്നിലുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു!’’ എന്നായിരുന്നു ഇഷാനിയുടെ ആശംസ.
ദിയയുടെ രസകരമായ ആശംസ ഇങ്ങനെയായിരുന്നു: "ജന്മദിനാശംസകൾ അമ്മൂ. ഭാര്യയായുള്ള നിന്റെ ആദ്യത്തെ ജന്മദിനമാണിത്. എന്നെപ്പോലെ ഒരു 'കുലസ്ത്രീ' ആയതിലേക്ക് സ്വാഗതം. ഈ ചിത്രത്തിന് ഞാൻ വെച്ചിരിക്കുന്ന പാട്ട് നിനക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു."
"ഹാപ്പി ബർത്ത്ഡേ അമ്മൂൂൂ... ഇപ്പോൾ എനിക്ക് 21 വയസ്സായി, നിനക്ക് 31 ഉം. വളരെ മനോഹരമായ ഒരു വർഷം ആശംസിക്കുന്നു. എന്നെ ആശ്വസിപ്പിക്കുന്ന ആ വ്യക്തിയായി അമ്മു എന്നും ഉണ്ടാകും. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന, എന്നോടൊപ്പം സെൽഫികൾ എടുക്കുന്ന അപൂർവ്വം രണ്ടുപേരിൽ ഒരാളാണ് അമ്മു. എന്റെ യാദൃശ്ചികമായ നിമിഷങ്ങൾ അമ്മു ക്യാമറയിൽ പകർത്തുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമ്മുടെ മനോഹരമായ പൂക്കൾക്കും അമ്മുവിന്റെ വിവാഹത്തിനും നന്ദി, നമ്മൾ ഒരുമിച്ച് എടുത്ത പുതിയ ഫോട്ടോകളുടെ എണ്ണം കണ്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി. അമ്മുവിന്റെ വെഡ്ഡിംഗ് ഫിലിമിനായി ഞാൻ ഒരുപാട് കാത്തിരിക്കുന്നു. അമ്മൂൂൂ, ഈ വർഷം അമ്മുവിന്റേതാണ്, ഇനിയും നിരവധി മനോഹരമായ വർഷങ്ങൾ അമ്മുവിനെ തേടിയെട്ടെ. അമ്മുവിന്റെ രഹസ്യമായ ആക്യൂട്ട് ശബ്ദം എന്നും എനിക്ക് ഇഷ്ടമാണ്." എന്നായിരുന്നു ഹന്സികയുടെ ആശംസ.
അതേസമയം, പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2026 സെപ്റ്റംബർ 13-നായിരുന്നു അഹാനയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ആഘോഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.







Comments