
വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെന്ന് തൊഴിലുടമയെ വിശ്വസിപ്പിച്ച ഓസ്ട്രേലിയൻ ജീവനക്കാരന് ഒടുവിൽ ജോലി നഷ്ടമായി. സിഡ്നിയിൽ ജോലി ചെയ്യുന്ന കറൻസി വ്യാപാരിയായ ചാൾസ് ഗ്രഹാമാണ് സിംഗപ്പൂരിലെ ഹോട്ടലിലിരുന്ന് ജോലി ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് പുറത്താക്കപ്പെട്ടത്. ജോലി ചെയ്യാനായി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിന്റെ സ്ഥാനം പരിശോധിച്ചപ്പോഴാണ് ഇയാൾ ഓസ്ട്രേലിയയിലല്ല, സിംഗപ്പൂരിലാണെന്ന് കമ്പനി കണ്ടെത്തിയത്. സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും തൊഴിൽമേഖലയിലും ചർച്ചയാകുകയാണ്.
എച്ച്ഐഎഫ്എക്സ് ഓസ്ട്രേലിയ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗ്രഹാം, സിംഗപ്പൂരിൽ ഒരു വർഷം താമസിച്ച് ജോലി ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും കമ്പനി അത് നിരസിച്ചിരുന്നു. തുടർന്ന് അവധിയെടുത്ത് സിംഗപ്പൂരിലേക്ക് പോയ ഇയാൾ, തിരികെ ജോലിയിൽ പ്രവേശിക്കേണ്ട സമയത്തും അവിടെത്തന്നെയായിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെന്ന് കരുതിയ കമ്പനി അധികൃതർ സംശയം തോന്നിയതോടെ ഐടി വിഭാഗത്തിന്റെ സഹായത്തോടെ ലാപ്ടോപ്പിന്റെ സ്ഥാനം പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സിംഗപ്പൂരിലെ ഹോട്ടലിൽനിന്നാണ് ഇയാൾ ജോലി ചെയ്യുന്നതെന്ന് വ്യക്തമായത്.
ഇതാദ്യമായല്ല ഗ്രഹാം ഇത്തരത്തിൽ വിദേശത്തിരുന്ന് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ ബാലിയിൽ താമസിച്ചിരുന്നപ്പോഴും വീട്ടിൽ പ്ലംബറെ കാത്തിരിക്കുകയാണെന്ന് മാനേജരെ അറിയിച്ചിരുന്നെങ്കിലും യഥാർഥത്തിൽ വിദേശത്തുനിന്നാണ് ജോലി ചെയ്തിരുന്നതെന്നാണ് കമ്പനിയുടെ ആരോപണം. സിംഗപ്പൂരിൽനിന്ന് മടങ്ങിവരേണ്ട സമയത്ത് പങ്കാളിക്ക് ബാക്ടീരിയ ബാധയുണ്ടായതിനെത്തുടർന്ന് യാത്ര നീട്ടിവെക്കേണ്ടിവന്നെന്നാണ് ഗ്രഹാമിന്റെ വിശദീകരണം. ജോലിയിൽ പ്രവേശിച്ചപ്പോൾ നിരവധി ഇമെയിലുകളും ഫോൺവിളികളും കൈകാര്യം ചെയ്യേണ്ടിവന്നതിനാൽ താൻ വിദേശത്താണെന്ന വിവരം മാനേജരെ അറിയിക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ വാദിച്ചു. എന്നാൽ ഈ വിശദീകരണങ്ങൾ കമ്പനി അംഗീകരിച്ചില്ല.
ജോലിയിൽനിന്ന് പുറത്താക്കിയതിനെതിരെ ഗ്രഹാം ഓസ്ട്രേലിയയിലെ ഫെയർ വർക്ക് കമ്മീഷനെ സമീപിച്ചു. വിദേശത്തുനിന്ന് അനുമതിയില്ലാതെ ജോലി ചെയ്തതും സ്വന്തം സ്ഥാനം മറച്ചുവെച്ചതും പുറത്താക്കാൻ മതിയായ കാരണമാണെന്ന് കമ്മീഷൻ വിലയിരുത്തി. എന്നാൽ പുറത്താക്കുന്നതിന് മുമ്പ് കമ്പനി പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തി. ഇതോടെ പുറത്താക്കൽ അന്യായമാണെന്ന് കമ്മീഷൻ വിധിച്ചെങ്കിലും ഗ്രഹാമിനെ ജോലിയിൽ തിരിച്ചെടുക്കാനോ അധിക നഷ്ടപരിഹാരം നൽകാനോ ഉത്തരവിട്ടില്ല. പകരം നോട്ടീസ് കാലയളവിന് പകരമായി നാല് ആഴ്ചത്തെ ശമ്പളം ലഭിച്ചതോടെ കേസ് അവസാനിച്ചു. സംഭവം വിദൂരജോലി സംവിധാനത്തിലെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.







Comments