
പാലക്കാട്: മൂലത്തറ റഗുലേറ്ററിന് സമീപം മനോദൗര്ബല്യവും സംസാരശേഷിയില്ലെന്നും സംശയിക്കുന്ന യുവാവിനെ സംഘം ചേര്ന്ന് മര്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില് ഏഴ് പേര് പിടിയിലായി. കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ കാര്ത്തിക് (26), നവീന് (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശന് (23), മണികണ്ഠന് (25), സൂര്യപ്രകാശ് (22) എന്നിവരെയാണ് ചിറ്റൂര് പോലീസ് അറസ്റ്റ് ചെയ്തത്.
പേരുവിവരങ്ങള് അറിയാത്ത യുവാവിന് നാല്പതിനടുത്ത് പ്രായം തോന്നിക്കും. ഒരാഴ്ചയോളമായി പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു ഇയാള്. ഞായറാഴ്ച വൈകീട്ട് എട്ടരയോടെയാണ് ഇയാളെ മരിച്ചനിലയില് കണ്ടെത്തിയത്. പോസ്റ്റ്മോര്ട്ടം പരിശോധനയില് ഇയാളുടെ ശരീരത്തില് അന്പതിലേറെ മുറിപ്പാടുകളും തലയ്ക്കുളളില് ആന്തരിക രക്തസ്രാവവും കണ്ടെത്തി.
തലയ്ക്കേറ്റ ക്ഷതവും തുടര്ന്നുളള ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് യുവാവിനെ ക്രൂരമായി മര്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. തുടര്ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചിറ്റൂര് പോലീസ് പ്രതികളിലെത്തിയത്. യുവാവ് പ്രദേശത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ ദേഷ്യത്തിലാണ് മര്ദിച്ചതെന്ന് യുവാക്കള് മൊഴി നല്കി.
ശനിയാഴ്ച രാത്രി പത്തോടെ യുവാവിനെ അരക്കിലോമീറ്റര് ദൂരം പിന്തുടര്ന്ന് മര്ദിച്ചതായി പ്രതികള് പോലീസിനോട് പറഞ്ഞു. മദ്യലഹരിയിലായിരുന്നു ഇവര്. തുടര്ന്ന് യുവാവിനെ നിലത്തിട്ട് ചവിട്ടുകയും മര്ദിക്കുകയും ചെയ്തു. ഇയാള് പ്രതികരിക്കാതിരുന്നതോടെ ഉപക്ഷേിച്ച് പോകുകയായിരുന്നു. ചിറ്റൂര് ഡിവൈഎസ്പി എം. ശരശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണം.







Comments