
കോട്ടയം: കെ.എം. ഷാജി ഉള്പ്പെടെയുള്ള മന്ത്രിമാരുടെ വിദേശയാത്രകള് സമഗ്രമായി അന്വേഷിക്കണമെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് ഷോണ് ജോര്ജ്. മന്ത്രിസഭാ യോഗം ഇപ്പോള് വിവിധ രാജ്യങ്ങളിലിരുന്ന് ഓണ്ലൈനായി ചേരേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു.
മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി, മതത്തിന്റെ പേരില് വിവാദ പരാമര്ശം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മന്ത്രിമാരുടെ ഭാഗത്തുനിന്ന് തുടര്ച്ചയായി സത്യപ്രതിജ്ഞാ ലംഘനങ്ങള് ഉണ്ടായിട്ടും സര്ക്കാര് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൃത്യമായ അനുമതിയില്ലാതെയാണ് വിദേശയാത്രകള് നടത്തിയിട്ടുള്ളതെങ്കില് അത് അതീവ ഗുരുതരമായ വീഴ്ചയാണ്. മന്ത്രിമാരില് രണ്ടുപേര് മാത്രമാണ് ഔദ്യോഗിക അനുമതിയോടെ യാത്ര നടത്തിയതെന്നാണ് അറിയാന് കഴിഞ്ഞിട്ടുള്ളത്. അതിനാല് യാത്രകളുടെ ലക്ഷ്യവും യാത്രാ വിവരങ്ങളും അന്വേഷണവിധേയമാക്കണം.
ഇക്കാര്യത്തില് തുടര്നടപടികള് പാര്ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് ഷോണ് ജോര്ജ് വ്യക്തമാക്കി. സി.എം.ആര്.എല് കേസില് ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലീഗിനെ സംരക്ഷിക്കാനാണ് സര്ക്കാര് അന്വേഷണം വൈകിപ്പിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന് നിശ്ചയിച്ച 14 ദിവസത്തെ കാലാവധി കഴിഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോടതി അവധി ദിവസങ്ങളില് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യാതിരിക്കാന് സര്ക്കാര് ബോധപൂര്വ്വം സമയം നീട്ടി നല്കുകയാണ് ചെയ്തത്. ഹവാല ഇടപാടുകള് ഉള്പ്പെടെയുള്ള കാര്യങ്ങള് അന്വേഷണപരിധിയില് കൊണ്ടുവരണമെന്നും, ഇത് ലീഗ് നേതൃത്വത്തിലേക്ക് എത്തുമെന്ന ഭയമാണ് കോണ്ഗ്രസിനും ലീഗിനും ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണ് ഇപ്പോള് നടക്കുന്നത്. രാഷ്ട്രീയ വേട്ടയാടല് ഉണ്ടാകില്ലെന്ന് പറയുന്നതൊക്കെ ഒത്തുകളിയുടെ ഭാഗമാണ്. പിണറായി വിജയന് സര്ക്കാര് നിയമസഹായം നല്കുന്നതിനെയും അദ്ദേഹം വിമര്ശിച്ചു.







Comments