
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധങ്ങളെയും തുടർന്നുണ്ടായ സംഭവവികാസങ്ങളെയും കുറിച്ച് ഹാർവാർഡ് സർവ്വകലാശാലയുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരിൽ രണ്ട് വ്യത്യസ്ത നിലപാടുകൾ പുറത്തുവന്നത് വലിയ ചർച്ചയായി. പ്രതിഷേധക്കാർക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ, രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തി. എന്നാൽ, പ്രതികരണം ഔദ്യോഗികമല്ല എന്ന് ബന്ധപ്പെട്ടവർ പിന്നീട് വ്യക്തമാക്കി.
തുടക്കത്തിൽ, ഹാർവാർഡ് സർവ്വകലാശാലയുമായി ബന്ധപ്പെട്ട നൂറോളം പൂർവ്വവിദ്യാർത്ഥികൾ ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടയിൽ പ്രക്ഷോഭകർക്ക് നേരെണ്ടായ പോലീസ് നടപടികളിലും കസ്റ്റഡിയിലും ആശങ്ക രേഖപ്പെടുത്തി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ജവഹർലാൽ നെഹ്റു സർവ്വകലാശാല, ജന്തർമന്തർ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോക്രോച്ച് ജനതാ പാർട്ടി നേതാക്കളുടെയും മറ്റ് പ്രവർത്തകരുടെയും അവകാശങ്ങളെ പിന്തുണച്ചുകൊണ്ടായിരുന്നു ആ കത്ത്.
എന്നാൽ ഇതിന് പിന്നാലെ, ഹാർവാർഡ് സമൂഹത്തിലെ നിയമ വിദഗ്ധരും നയം രൂപീകരിക്കുന്നവരും സിവിൽ സർവീസുകാരും അക്കാദമിക് വിദഗ്ധരുമടങ്ങുന്ന മറ്റൊരു വലിയ വിഭാഗം ഇതിനെതിരെ രംഗത്തുവന്നു. ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷൻ, സുപ്രീം കോടതി, പാർലമെന്റ് എന്നിവയ്ക്കെതിരെ നടക്കുന്ന സംഘടിതമായ പ്രചാരണങ്ങളിൽ അവർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഔദ്യോഗിക അനുമതിയില്ലാതെ ഒരു രാഷ്ട്രീയ ലക്ഷ്യത്തിനായി ഹാർവാർഡ് സർവ്വകലാശാലയുടെ പേര് ഉപയോഗിക്കുന്നതിനെയും അവർ ചോദ്യം ചെയ്തു.
ഇതിനിടയിൽ, ഇന്ത്യയിലെ ഹാർവാർഡ് സർവ്വകലാശാലയുടെ ഔദ്യോഗിക പൂർവ്വവിദ്യാർത്ഥി സംഘടനയായ 'ഹാർവാർഡ് ക്ലബ് ഓഫ് ഇന്ത്യ' ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. ഡൽഹി പ്രതിഷേധങ്ങളെക്കുറിച്ചോ പോലീസിന്റെ നടപടികളെക്കുറിച്ചോ ക്ലബ്ബ് യാതൊരു പ്രസ്താവനയും ഇറക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ചില വ്യക്തികൾ അവരുടെ സ്വന്തം നിലയിലാണ് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളതെന്നും, അത് സർവ്വകലാശാലയുടെയോ ക്ലബ്ബിന്റെയോ ഔദ്യോഗിക നിലപാടല്ലെന്നും അധികൃതർ വ്യക്തമാക്കി.
രാഷ്ട്രീയ പ്രസ്താവനകൾ ഇറക്കാൻ തങ്ങളുടെ ചട്ടങ്ങൾ അനുവാദം നൽകുന്നില്ലെന്നും, വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളെ ഔദ്യോഗിക സ്ഥാപനത്തിന്റെ നിലപാടായി കാണാൻ കഴിയില്ലെന്നും ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂട്ടിച്ചേർത്തു.







Comments