
അമ്മയെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് പ്രൊഡക്ഷന് കണ്ട്രോളര് സിദ്ധു പനയ്ക്കല്. സോഷ്യല് മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
താൻ ഓർമ്മവെച്ച നാൾ മുതൽ വെറുതെയിരിക്കുന്ന അമ്മയെ കണ്ടിട്ടില്ലെന്ന് സിദ്ധു പനയ്ക്കല് കുറിക്കുന്നു. രാവിലെ മുറ്റമടിക്കൽ മുതൽ അടുക്കളപ്പണികളും വളർത്തുമൃഗങ്ങളുടെ പരിപാലനവും വിറകടുപ്പിലെ പുക സഹിച്ചുള്ള പാചകവുമെല്ലാം പരാതിയോ പരിഭവമോ ഇല്ലാതെ ചെയ്തിരുന്ന പഴയകാല അമ്മമാരുടെ പ്രതീകമായിരുന്നു തൻ്റെ അമ്മയെന്ന് അദ്ദേഹം ഓർക്കുന്നു. സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് മക്കൾക്കായി ജീവിതം സമർപ്പിച്ച ആയിരക്കണക്കിന് അമ്മമാരുടെ പ്രതിനിധിയാണ് തൻ്റെ അമ്മയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ ഇന്നലെ സ്വർഗത്തിൽ ഇരുന്ന് അമ്മ അപ്പനോട് ചോദിച്ചത്രേ, അതെന്താ സിത്തു എന്നെപ്പറ്റി എഴുതാതെ നിങ്ങളെപ്പറ്റി മാത്രം എഴുതിയത്. അതെയ് അവന് എന്നെയാ കൂടുതൽ ഇഷ്ടം. അല്ലല്ല എന്നെയാ എന്ന് അമ്മ. തർക്കം വേണ്ട എനിക്ക് രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്.മാതാപിതാക്കൾ നഷ്ടപ്പെട്ട എല്ലാ മക്കളെയും പോലെ എനിക്ക് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് അപ്പനെയും അമ്മേയെയും.
പിന്നെ അമ്മയോട് ഒരു രഹസ്യം പറയാം അപ്പൻ കേൾക്കണ്ട, അമ്മയുടെ ചെല്ലകുട്ടിയല്ലേ ഞാൻ...
എനിക്ക് ഓർമവെച്ച നാൾമുതൽ വെറുതെ ഇരിക്കുന്ന അമ്മയെ ഞാൻ കണ്ടിട്ടില്ല. എഴുനേറ്റു വരുമ്പോൾ അമ്മ മുറ്റമടിക്കുന്നുണ്ടാവും. ഉറങ്ങാൻ പോകുമ്പോൾ അമ്മ അടുക്കളയിൽ പാത്രം കഴുകുന്നുണ്ടാകും.രാത്രി വളരെ വൈകി അമ്മയുടെ ചൂട് ശരീരത്തിൽ തട്ടും ഒരു ചെറിയ ഞരക്കത്തോടെ അമ്മയെ കെട്ടിപിടിച് ഞാൻ ഉറക്കം തുടരും.
ഇതിനിടയിൽ രാവിലത്തെ കാപ്പി, ചെറു കടികൾ, രാവിലത്തെ കഞ്ഞി, ഉപ്പേരി, ഉച്ചക്ക് ചോറ്, കറികൾ, തുണിയലക്കൽ, ആട്, പശു, കോഴി, തുടങ്ങിയവയുടെ പരിപാലനം, മിക്സിയും ഗ്രൈൻഡറും ഇല്ലാത്തകാലം, വറുക്കുക, പൊടിക്കുക, നെല്ല് കുത്തുക, അച്ഛൻ പറമ്പിൽ നട്ടുണ്ടാക്കുന്ന കൃഷിയ്ക്ക് നനയ്ക്കുക. നെൽകൃഷിക്ക് ആവശ്യമായ ചാണകവും വെണ്ണീറും ചേർത്ത് പൊടിക്കുക. മഴക്കാലമായാൽ പിന്നെ പറയണ്ട.ഉണങ്ങാത്ത വിറക് അടുപ്പിൽ വെച്ചു ഊതിയൂതി ചുവന്നു കലങ്ങിയ കണ്ണുകളോടെ അമ്മ. പിന്നെയും എന്തൊക്കെയോ ജോലികൾ. എന്നാലും പരാതിയോ പരിഭവമോ ഇല്ല. അമ്മ യന്ത്രമാണോ എന്നെനിക്കു തോന്നിയിട്ടുണ്ട്.
ഇത് എന്റെ അമ്മയുടെ മാത്രം കഥയല്ല. ആ കാലത്തുള്ള ഓരോ അമ്മമാരുടെയും കഥയാണ്.ചില വീടുകളിൽ ഉമ്മറത്തേക്ക് സ്ത്രീകൾക്കു പ്രവേശനം പോലും ഉണ്ടായിരുന്നില്ല. ആണുങ്ങൾ അത്യാവശ്യം നല്ലഭക്ഷണം കഴിക്കുമ്പോൾ അകത്തുള്ളവർ വിശപ്പടങ്ങാൻ കഴിക്കുന്നുണ്ടോ എന്നന്വേഷിക്കാൻ പോലും ആരും ഇല്ലായിരുന്നു. മുണ്ട് മുറുക്കിയുടുത് മക്കളെ മാറോടു ചേർത്ത് വളർത്തി അമ്മമാർ. ജീവിതകാലം മുഴുവൻ മാടിനെപ്പോലെ പണിയെടുത് ജീവിതത്തിലെ ഒരു സുഖവും അറിയാതെ മണ്മറഞ്ഞുപോയ ആയിരക്കണക്കിന് അമ്മമാരുണ്ടാവും. .ഒടുവിൽ ഒരു പിടിചാരമായി തെക്കേപറമ്പിൽ മണ്ണോടുമണ്ണാകുമ്പോഴും തന്റെ മക്കൾക്ക് വേണ്ടി ആ നെഞ്ചിൻകൂട് മിടിച്ചുകൊണ്ടിരിക്കും.
പറഞ്ഞു തുടങ്ങിയത് എന്റെ അമ്മയെകുറിച്ചാണ്. എന്റെ നെഞ്ചിൽ ഉറങ്ങാതെ കിടക്കുന്ന ഓർമയാണ് എന്റെ അമ്മ. ഓരോ അമ്മമാർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകും, പ്രാർത്ഥനയുണ്ടാകും. എന്റെ മോന് ആയുസ്സ് കൊടുക്കണേ ഞാൻ മരിക്കുന്നതിന് മുൻപ് അവന്റെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ടായി കാണണേ ഇതായിരുന്നു എന്റെ അമ്മയുടെ പ്രാർത്ഥന. മറ്റൊരാവശ്യം ദൈവത്തിനു മുന്നിൽ അമ്മ പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല.
അമ്മയുടെ ആവശ്യം ദൈവം സാധിച്ചുകൊടുത്തുഎന്റെ കല്യാണം കഴിഞ്ഞ് എന്റെ മകന് 10 മാസം പ്രായമായപ്പോഴാണ് അമ്മയുടെ മരണം. പക്ഷെ ആ വാർത്ത എന്റെ കാതിലെത്തിച്ചപ്പോൾ ദൈവം അല്പം ക്രുരനായോ എന്ന് സംശയം.
മദ്രാസിൽ ദി സിറ്റി എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി ആദ്യ ദിവസം. 4 മണിയോടുകൂടി ഷൂട്ട് കഴിഞ്ഞ് ഞാൻ സെവൻ ആർട്സിന്റെ ഓഫീസിലേക്ക് കയറിവരുന്നു. ഫോൺ അടിക്കുന്നുണ്ട് റിസപ്ഷനിൽ ആളില്ല. ഞാൻ ഫോൺ എടുത്തു. ഗുരുവായൂരിൽ നിന്നാണ് സിദ്ധാർഥനെ ഒന്ന് കിട്ടുമോ..? ഞാൻ സിദ്ധാർത്ഥനാണ്. ആ സിത്തു സിത്തുന്റെ അമ്മ മരിച്ചുട്ടോ.മകനോടാണ് പറയുന്നതെന്ന ബോധമില്ലാതെ വളരെ ഡയറക്റ്റ് ആയ അറിയിപ്പ്.
ഒരു മരവിപ്പായിരുന്നു. ഞാൻ ദിവസവും കിടക്കുമ്പോളും എണീക്കുമ്പോളും പ്രാർത്ഥിക്കാറുണ്ട്. അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ദീർഘായുസും ആരോഗ്യവും തരണേ എന്നാണ് പ്രാർത്ഥന. മദ്രാസ് തിരുവനന്തപുരം മെയിലിലെ ബെർത്തിൽ കയറിക്കിടന്നു ഞാൻ പ്രാർത്ഥിച്ചു. അച്ഛനും അമ്മയ്ക്കും.... പ്രാർത്ഥന അവിടെ മുറിഞ്ഞു. കണ്ണിൽ നിന്നു കണ്ണുനീർ ചാലിട്ടൊഴുകി ഞാൻ പൊട്ടിക്കരഞ്ഞു.അമ്മയുടെ മുഖമായിരുന്നു മനസ്സ് നിറയെ.
ഷൂട്ടിന് പുറപ്പെടുമ്പോൾ അമ്മയുടെ അടുത്തിരുന്നു യാത്രചോദിച്ചതും അമ്മ തലയിൽ തലോടിയതും.... പിറ്റേന്ന് കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന അമ്മയുടെ നെറ്റിയിൽ ഞാൻ ഉമ്മവെച്ചു.നല്ല തണുപ്പായിരുന്നു. എങ്ങോട്ടു യാത്രപോകുമ്പോഴും ഞാൻ അമ്മയുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ടാണ് ഇറങ്ങുക. അമ്മ കെട്ടിപിടിച്ചുകൊണ്ട് ഉമ്മ തിരികെ തരും.
അന്ന് പക്ഷെ ഞാൻ പിണക്കത്തിലായിരുന്നു. എന്നോട് പറയാതെ, ഞാൻ വരുന്നതുവരെ കാത്തുനിൽക്കാതെ,അമ്മ പോയതുകൊണ്ടുള്ള പിണക്കം. അത് മനസിലാക്കിയിട്ടാവണം സാധാരണ തരാറുള്ള ഉമ്മ അന്ന് അമ്മയെനിക്ക് തന്നില്ല. പിന്നീടൊരിക്കലും ആ ഉമ്മ എനിക്ക് കിട്ടിയിട്ടുമില്ല. നഷ്ടപ്പെടുമ്പോഴോ ഇല്ലാതാവുമ്പോഴോ ആണ് നഷ്ടപ്പെടുന്നതിന്റെ വിലയും വേദനയും നമ്മൾ മനസിലാക്കുക’’, സിദ്ധു പനയ്ക്കല് കുറിച്ചു.







Comments