
തൊണ്ണൂറുകളില് ബോളിവുഡ് സിനിമാ ലോകത്തെ പ്രണയനായകമാരുടെ ഹൃദയം കീഴടക്കിയ നായികയായിരുന്നു സൊണാലി ബേന്ദ്രെ. ആ സമയത്ത് ജനപ്രിയ നായികമാരിൽ ഒരാളായിരുന്ന താരം ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മറാഠി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ ഖാൻമാർക്ക് ഒപ്പമെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള ചുരുക്കം നടിമാരിൽ ഒരാളാണ് സൊണാലി.
സിനിമകൾക്ക് പുറമെ നിരവധി പ്രശസ്ത റിയാലിറ്റി ഷോകളിൽ വിധികർത്താവായും താരം തിളങ്ങിയിട്ടുണ്ട്. ദി ബ്രോക്കൺ ന്യൂസ് എന്ന വെബ് സീരീസിലും താരം പ്രധാന വേഷം കൈകാര്യം ചെയ്തു. കരിയറില് തിളങ്ങി നിന്നിരുന്ന താരം നാലാം ഘട്ട മെറ്റാസ്റ്റാറ്റിക് കാൻസറിനെ ധീരമായി നേരിട്ട ഒരു അഭിനേത്രി കൂടിയാണ്.
ഇപ്പോഴിതാ തന്റെ ക്യാന്സര് പോരാട്ടത്തെക്കുറിച്ചും ചികിത്സാകാലത്തെക്കുറിച്ചും വൈകാരികമായി സംസാരിക്കുകയാണ് സൊണാലി ബേന്ദ്രെ. ‘കോൺ ഹോനാർ ക്രോർപതി’ എന്ന പരിപാടിയിൽ മാധുരി ദീക്ഷിതുമായുള്ള സംഭാഷണത്തിനിടെയാണ് താരം മനസ്സു തുറന്നത്. ശരീരത്തിനെതിരായ ഒരു പോരാട്ടമായി കാണുന്നതിന് പകരം, സ്നേഹത്തോടും ഉൾക്കാഴ്ചയോടും കൂടി തന്നെത്തന്നെ സമീപിക്കാനാണ് താൻ തീരുമാനിച്ചതെന്നും കടുത്ത വേദന നൽകുന്ന ശരീരത്തെ സ്നേഹിക്കുക എന്നത് പ്രയാസകരമായിരുന്നുവെങ്കിലും, ആ മനോഭാവം മാനസികമായി അതിനെ നേരിടാൻ തന്നെ സഹായിച്ചുവെന്ന് താരം പറഞ്ഞു. കാൻസറിനെതിരെ പോരാടി വിജയിച്ചതിന് മാധുരി സൊണാലിയെ അഭിനന്ദിച്ചപ്പോഴാണ് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് സൊണാലി പങ്കുവെച്ചത്.
‘‘ഈ അനുഭവത്തെ ഒരു ‘പോരാട്ടം’ ആയി കാണാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പകരം, എന്റെ ശരീരത്തെ മനസ്സിലാക്കാനും സ്നേഹത്തോടെ പരിഗണിക്കാനും, ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുമാണ് ഞാൻ ശ്രദ്ധിച്ചത്.
ഒരാൾ കാൻസറിനെ അതിജീവിച്ചു എന്ന് നമ്മൾ എപ്പോഴും പറയാറുണ്ടല്ലോ. തമാശകൾ മാറ്റിവെച്ചാൽ, ചിരിച്ചും തമാശ പറഞ്ഞുമൊക്കെയാണ് നമ്മൾ ഇത്തരം കാര്യങ്ങൾ പറയുന്നത്. എന്നാൽ ആ സമയത്ത്, രോഗത്തെ ‘അതിജീവിക്കുക’ എന്നതായിരുന്നില്ല എന്റെ യഥാർത്ഥ ലക്ഷ്യം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും അതിൽ നിന്ന് എനിക്ക് എന്താണ് പഠിക്കാനാവുക എന്നും മനസ്സിലാക്കുക എന്നതായിരുന്നു പ്രധാനം. സത്യം പറഞ്ഞാൽ, അതിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അങ്ങനെയാണ് ഞാൻ ആ അവസ്ഥയെ നോക്കിക്കണ്ടത്. എന്റെ ശരീരത്തെയും അനുഭവപ്പെട്ട വേദനയെയും നോക്കിക്കാണുന്ന രീതി മാറ്റിക്കൊണ്ടാണ് രോഗത്തെ നേരിട്ടത്.
കാൻസറിനെതിരായ ‘പോരാട്ടം’ അല്ലെങ്കിൽ ‘അതിജീവനം’ തുടങ്ങിയ പ്രയോഗങ്ങൾ എനിക്ക് നെഗറ്റീവ് ആയി തോന്നാറുണ്ട്. എന്തെങ്കിലും ഒന്നിനെ ‘അതിജീവിച്ചു’ എന്ന് പറയുമ്പോൾ, അതൊരു പോരാട്ടം പോലെയാണ് എനിക്ക് തോന്നാറുള്ളത്. അതിൽ എവിടെയോ ഒരു നെഗറ്റീവ് ഭാവമുണ്ട്. മാത്രമല്ല, അത് നമ്മുടെ സ്വന്തം ശരീരമല്ലേ? ക്യാൻസർ കോശങ്ങളും നമ്മുടെ തന്നെ കോശങ്ങളാണ്. പിന്നെ എങ്ങനെയാണ് നമുക്ക് നമ്മളോട് തന്നെ പോരാടാനാവുക? അതുകൊണ്ട്, എന്റെ ശരീരത്തെ അത് ഇപ്പോഴുള്ള അവസ്ഥയിൽ തന്നെ എങ്ങനെ സ്നേഹിക്കാം എന്ന് ഞാൻ ചിന്തിച്ചു. സ്നേഹത്തോടെ അതിനെ സമീപിക്കണം എന്ന് എനിക്ക് തോന്നി. വളരെയധികം വേദന നൽകിയ ഒന്നിനെ സ്നേഹിക്കുക എന്നത് പ്രയാസകരമാണ്; എങ്കിലും, എനിക്ക് ഗുണം ചെയ്തത് ആ സമീപനമാണെന്ന് ഞാൻ കരുതുന്നു. അങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ട് പോയത്...’ സൊണാലി പറഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര് താരത്തിന്റെ വാക്കുകളെ സ്വീകരിച്ചത്. ഇതെല്ലാം കേട്ടിരുന്ന മാധുരിക്കും സൊണാലിയോട് ഒരു ബഹുമാനം തോന്നിയെന്നുള്ളത് വീഡിയോയില് നിന്ന് വ്യക്തമാണ്. മാധുരി ദീക്ഷിത് അവതരിപ്പിക്കുന്ന ‘കോൺ ഹോനാർ ക്രോർപതി’യുടെ (കോന് ബനേഗ ക്രോർപതിയുടെ മറാത്തി പതിപ്പ്) പ്രീമിയർ എപ്പിസോഡിലാണ് മാധുരി ദീക്ഷിതും സൊണാലി ബേന്ദ്രെയും ആദ്യമായി ഒന്നിച്ച് സ്ക്രീനിലെത്തിയത്.
2018 ജൂലൈയിലാണ് സോനാലിക്ക് ‘ഹൈ-ഗ്രേഡ് മെറ്റാസ്റ്റാറ്റിക് ക്യാൻസർ’ സ്ഥിരീകരിച്ചത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്ന തീവ്രമായ ക്യാൻസർ തനിക്കുണ്ടെന്ന് താരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പരസ്യമായി അറിയിക്കുകയും ചെയ്തു. തുടർന്ന് ചികിത്സയ്ക്കായി ന്യൂയോർക്കിലേക്ക് പോയ താരം, തന്റെ അനുഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ടിരുന്നു. രോഗനിർണയം മൂലമുണ്ടായ ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ചും താരം അഭിമുഖങ്ങളിൽ സംസാരിച്ചു. ചികിത്സയിലൂടെ രോഗം ഭേദമാവുകയും, 2021-ൽ അവർ ക്യാൻസർ മുക്തയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.







Comments