
തെന്നിന്ത്യന് സിനിമയില് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നിത്യ മേനന്. തന്റെ അഭിനയമികവിലൂടെ ബോളിവുഡ് സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കാനും നിത്യയ്ക്ക് കഴിഞ്ഞു. ബാലതാരമായി സിനിമാ മേഖലയിലെത്തിയ താരം കെ.പി. കുമാരന് സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്ലാല് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില് സജീവമായത്. പിന്നീട് ഉസ്താദ് ഹോട്ടല്, ബാംഗ്ലൂര് ഡെയ്സ് എന്നീ മലയാള സിനിമകളിലൂടെയും ഓകെ കണ്മണി, വിജയ് ചിത്രം മെര്സല് തുടങ്ങിയവയിലൂടെ തമിഴിലും, ഗീതാ ഗോവിന്ദം, ഭീംലാ നായിക് എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഇതിനിടെ മിഷന് മംഗള് എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെയും പ്രിയങ്കരിയായി.
ഇപ്പോഴിതാ അവസരം കിട്ടിയാല് താന് സിനിമ ഉപേക്ഷിക്കുമെന്ന് പറയുകയാണ് നിത്യ മേനന്. അഭിനയം തന്റെ വ്യക്തിത്വത്തിന് യോജിച്ച ജോലിയല്ലെന്നും അവസരം ലഭിച്ചാൽ അത് ഉപേക്ഷിക്കാൻ തയാറാണെന്നും സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ സാധാരണ ജീവിതം നയിക്കാനായിരുന്നു ആഗ്രഹമെന്നും പൈലറ്റാകണമെന്നായിരുന്നു സ്വപ്നമെന്നും താരം തുറന്നു പറഞ്ഞു. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഏത് തൊഴിൽ തിരഞ്ഞെടുക്കുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിത്യ.
‘‘വളരെ സാധാരണമായൊരു ജീവിതമായിരുന്നു താൻ ആഗ്രഹിച്ചിരുന്നത്. പൈലറ്റാകണമെന്നായിരുന്നു എന്റെ ആഗ്രഹം. യാത്ര ചെയ്യാനുള്ള ഇഷ്ടമാണ് അതിന് പിന്നില്. ഒരു നടിയായാൽ സ്വതന്ത്രമായി സമയം ചെലവഴിക്കാനുള്ള അവസരം പോലും മറക്കേണ്ടിവരും. ഫ്രീയായി ഇരിക്കാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
ഞാൻ ഇത് പറഞ്ഞാൽ നന്ദിയില്ലായ്മയായി തോന്നാം. പക്ഷേ, എന്റെ വ്യക്തിത്വത്തിന് പറ്റിയ ജോലിയല്ല അഭിനയം. ഇപ്പോഴും അവസരം ലഭിച്ചാൽ ഞാൻ സിനിമ ഉപേക്ഷിക്കും. സിനിമയിലെ പ്രശസ്തിക്കും പണത്തിനും അപ്പുറം ഒരു സാധാരണക്കാരിയായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. അഭിനയം എനിക്ക് ഒട്ടും താല്പര്യമില്ലാത്ത മേഖലയായിരുന്നു, ദേശീയ അവാർഡ് ലഭിക്കുന്നതിന് തൊട്ടുമുമ്പ് സിനിമയിൽ നിന്നും നിശബ്ദമായി പിന്മാറാൻ തീരുമാനിച്ചിരുന്നു. സിനിമ ഉപേക്ഷിച്ചു പോകാതിരിക്കാൻ ദൈവം നൽകിയ സമ്മാനമായാണ് ഞാൻ ആ പുരസ്കാരത്തെ കാണുന്നത്...’’ എന്നാണ് നിത്യ പറയുന്നത്. ബിഹൈൻഡ്വുഡ്സില് കലാ മാസ്റ്റര്ക്ക് നൽകിയ അഭിമുഖത്തിലാണ് നിത്യയുടെ ഈ തുറന്നു പറച്ചില്. നിത്യയുടെ തുറന്നു പറച്ചില് കേട്ട് കലാ മാസ്റ്ററും വൈറലായ വീഡിയോ കണ്ട് പ്രേക്ഷകരും ഒരുപോലെ ഞെട്ടുകയാണ്.







Comments