
മലയാളികളുടെ പ്രിയനടി അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മിലുള്ള വിവാഹവിശേഷങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല് മീഡിയയില് തരംഗമായി നില്ക്കുകയാണ്. പത്തു വർഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇവര് വിവാഹിതരായത്. അഹാനയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ‘കോർ മെമ്മറി’ എന്ന പേരിൽ പങ്കുവെച്ച ഈ വീഡിയോ ഇരുവരുടെയും വെഡ്ഡിംഗ് വീഡിയോ ആരാധകരുടെ ഹൃദയം തൊടുകയാണ്.
യാതൊരുവിധ മതാചാരങ്ങളുടെയും ജാതിയുടെയും ചട്ടക്കൂടുകളില് ഒതുങ്ങാതെ, തങ്ങള്ക്ക് ഏറ്റവും സന്തോഷം നല്കുന്ന രീതിയിലാണ് അഹാനയും നിമിഷും വിവാഹം പ്ലാൻ ചെയ്തത്. മാസങ്ങളുടെ കഠിനാധ്വാനവും കൃത്യമായ പ്ലാനിംഗുമാണ് ഈ മനോഹരമായ വിജയത്തിന് പിന്നില്. തനിക്കേറ്റവും പ്രിയപ്പെട്ടവരെ മാത്രം ക്ഷണിച്ചുകൊണ്ട് വളരെ സ്വകാര്യമായാണ് ഈ ഇന്റിമേറ്റ് വെഡ്ഡിംഗ് താരം സംഘടിപ്പിച്ചത്. വീഡിയോയില് വിവാഹവുമായി ബന്ധപ്പെട്ട തന്റെ ഒരുവാരത്തെ യാത്രയും പ്രധാനപ്പെട്ട ചടങ്ങുകളുമാണ് താരം ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ വിവാഹത്തില് പരമ്പരാഗതമായ ആചാരങ്ങളില്നിന്ന് വിഭിന്നമായി, തികച്ചും വ്യക്തിപരമായൊരു വേദിയിലേക്ക് എത്തിയതിനെക്കുറിച്ച് അഹാന പറഞ്ഞ കാര്യങ്ങളാണ് സോഷ്യല് മീഡിയ ഏറ്റെടുക്കുന്നത്. ആരോ പണ്ട് നിശ്ചയിച്ചുവെച്ച ആചാരങ്ങള് അതുപോലെ അനുകരിക്കുന്നതിന് പകരം, തങ്ങള്ക്ക് പ്രിയപ്പെട്ടതും അർത്ഥവത്തുമായ കാര്യങ്ങള് ഉള്പ്പെടുത്തി ചടങ്ങ് മനോഹരമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് അഹാന പങ്കുവയ്ക്കുന്നത്.
‘‘നിമിഷ് ക്രിസ്ത്യനാണ്, ഞാൻ ഹിന്ദുവും. അതുകൊണ്ടുതന്നെ വിവാഹത്തിലേക്ക് കടക്കുമ്പോള് ഏതെങ്കിലും ഒരു മതപരമായ ചടങ്ങുകളുടെ ചട്ടക്കൂടിലേക്ക് കാര്യങ്ങള് ഒതുക്കാൻ ഞങ്ങള് ആഗ്രഹിച്ചിരുന്നില്ല. മതം എന്ന ഘടകത്തെ പൂർണ്ണമായും മാറ്റിനിർത്തി, പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഞങ്ങള്ക്ക് പ്രിയപ്പെട്ടതും അർത്ഥവത്തുമായ കാര്യങ്ങള് ഉള്പ്പെടുത്തി ഒരു ചടങ്ങ് ഒരുക്കാനായിരുന്നു തീരുമാനം. ആരോ പണ്ട് നിശ്ചയിച്ചുവച്ച ചടങ്ങുകള് അതുപോലെ ആവർത്തിക്കുന്നതിനേക്കാള്, ആരുടെ വിവാഹമാണോ അവർക്ക് സന്തോഷവും അനുയോജ്യവുമായ കാര്യങ്ങള് ചേർത്ത് വേദി പ്ലാൻ ചെയ്യണം എന്നായിരുന്നു ആഗ്രഹം. ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട സംഭവം ഉണ്ടാകുമ്പോൾ, പണ്ട് തൊട്ടേ ആരൊക്കെയോ എന്തൊക്കെയോ രീതിയിൽ ചെയ്തുകൊണ്ടിരിക്കുന്നു എന്നത് കൊണ്ട് നിങ്ങളും അങ്ങനെ ചെയ്യണമെന്നില്ല. നിങ്ങളുടെ പ്രധാനപ്പെട്ട നിമിഷങ്ങളെ നിങ്ങൾക്ക് എപ്പോഴും മനോഹരമായി രൂപകൽപ്പന ചെയ്യാം. ലോകത്ത് അങ്ങനെ റൂൾസ് ഒന്നും ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നില്ല. നിങ്ങൾക്ക് എന്തെങ്കിലും ഒരു കാര്യം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു രീതിയിൽ ചെയ്യണം എന്നുണ്ടെങ്കിൽ അതു ചെയ്യുക. ചിന്തകൾ തുറന്നു പറയുക. നിങ്ങൾക്ക് മീനിങ്ഫുൾ, സോളിഡ്, ഹോൾസം ആയിട്ട് തോന്നുന്ന കാര്യങ്ങൾ വെച്ചിട്ട് നിങ്ങളുടെ സുപ്രധാന നിമിഷങ്ങളെ മനോഹരമാക്കുക...
സാക്ഷികളാകുന്ന ഓരോരുത്തർക്കും ഹൃദയത്തില് തൊടുന്ന രീതിയിലുള്ള മുഹൂർത്തങ്ങള് സമ്മാനിക്കുകയായിരുന്നു ലക്ഷ്യം. ഒടുവില് ആ പ്ലാനിംഗും പരിശ്രമങ്ങളും പൂർണ്ണവിജയമായി മാറി...’’ എന്നാണ് അഹാന പറയുന്നത്. അഹാന പറയുന്ന ഓരോ വാക്കുകളും സസൂക്ഷ്മം കേട്ടിരിക്കുന്ന നിമിഷിനെയും വീഡിയോയില് കാണാം. നിറഞ്ഞ സ്വീകാര്യതയാണ് അഹാനയുടെ വാക്കുകള്ക്ക് സോഷ്യല് മീഡിയ നല്കുന്നത്.
ഒൻപത് മാസത്തോളം നീണ്ട ചിട്ടയായ പ്ലാനിംഗിലൂടെയാണ് തങ്ങള് ഈ സ്വപ്നതുല്യമായ വിവാഹം യാഥാർത്ഥ്യമാക്കിയതെന്നും അഹാന പറയുന്നുണ്ട്. ചടങ്ങുകളുടെ ഓരോ സൂക്ഷ്മഘടകങ്ങളിലും അഹാന പുലർത്തിയ കൃത്യതയെയും പ്ലാനിംഗ് മികവിനെയും വരൻ നിമിഷും കുടുംബാംഗങ്ങളും അതിഥികളും ഒരുപോലെ പ്രശംസിക്കുന്നതും വീഡിയോയിലുണ്ട്. ഒരു മനോഹരമായ ഫീല് ഗുഡ് സിനിമ പോലെയാണ് താരം തന്റെ ഡ്രീം വെഡ്ഡിംഗ് അണിയിച്ചൊരുക്കിയത്.







Comments