
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സംഭവത്തിൽ ഇടത് - വലത് ഒത്തുകളി പൊളിഞ്ഞുവെന്ന് ഹർജിക്കാരൻ കെ എം ഷാജഹാൻ. അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും സിപിഎം കേന്ദ്ര നേതൃത്വം ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം, അല്ലെങ്കിൽ കുഴിച്ചുമൂടപ്പെടുമെന്നും ഷാജഹാൻ അഭിപ്രായപ്പെട്ടു.
കോടതിയെ വഞ്ചിച്ച് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞു. സർക്കാരിൻറെ അഭിഭാഷകനായ രാജു ബാബുവിനെ നിയന്ത്രിച്ചത് പിണറായിയുടെ അഭിഭാഷകരാണ്. അഡ്വക്കറ്റ് ജനറൽ രാജു ബാബുവിന് ലജ്ജയുണ്ടെങ്കിൽ സ്ഥാനം രാജിവെക്കണമെന്ന് കേസിലെ വിജിലൻസ് അന്വേഷണ ഉത്തരവിനെതിരെ പിണറായി വിജയൻ സമർപ്പിച്ച അപ്പീലിന് ഹൈക്കോടതി അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ഷാജഹാൻ ആവശ്യപ്പെട്ടു.
വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത് എന്ന് വ്യക്തമാക്കണം. ഇടതു വലത് മുന്നണിയുടെ ഒത്തുകളിക്കെതിരായ വിധിയാണിത്. കോടതി വിധി വി എസ് അച്യുതാനന്ദനും സിപിഎമ്മിന്റെ ജീർണ്ണതക്കെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകൾക്കും സമർപ്പിക്കുന്നുവെന്നും കെ എം ഷാജഹാൻ പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്ന പൊതുപ്രവർത്തകർക്ക് ഊർജ്ജം നൽകുന്ന വിധിയാണിത്. കേരള ഹൈക്കോടതി സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നുവെന്നും കെ എം ഷാജഹാൻ കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ പ്രാഥമികാന്വേഷണം വേണമെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഇ ഡി നൽകിയ തെളിവുകൾ പര്യാപ്തമല്ല എന്നും പറഞ്ഞിരുന്നു. ഇതേ വാദമായിരുന്നു വിജിലൻസ് അന്വേഷണത്തിനെതിരെ പിണറായി സമർപ്പിച്ച ഹർജിയിലുമുണ്ടായിരുന്നത്. ഇത് സർക്കാർ പിണറായി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആക്ഷേപമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിണറായിയുടെ അപ്പീലിന് ഹൈക്കോടതി അനുമതി നിഷേധിച്ചത്. ഇത് സർക്കാരിനും പിണറായിക്കും ഒരുപോലെ തിരിച്ചടിയാണെന്ന് കരുതപ്പെടുന്നു.







Comments