
നടനും രാഷ്ട്രീയ പ്രവര്ത്തകനുമായ കൃഷ്ണകുമാറിന്റെ നാലു പെണ്മക്കളും സോഷ്യല് മീഡിയയ്ക്കും ആരാധകര്ക്കും ഏറെ പ്രിയപ്പെട്ട താരപുത്രിമാരാണ്. മൂത്തമകള് അഹാനയും മൂന്നാമത്തെ മകള് ഇഷാനിയും അച്ഛനു പിന്നാലെ സിനിമയിലെത്തിയിരുന്നു. രണ്ടാമത്തെ മകള് ദിയ സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര് മാത്രമല്ല ‘ഓ ബൈ ഓസി’ എന്ന ഫാഷൻ ആഭരണ ബ്രാൻഡിന്റെ ഉടമസ്ഥ കൂടിയാണ്. നാലാമത്തെ മകള് ഹന്സികയും സോഷ്യല് മീഡിയയില് തിളങ്ങി നില്ക്കുന്ന താരമാണ്.
ഇക്കഴിഞ്ഞ മാസമാണ് അഹാന കൃഷ്ണകുമാറും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മില് വിവാഹിതരായത്. പത്തു വർഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ ഒന്നായ ഇരുവരുടെയും വിവാഹ വീഡിയോ ആരാധകരുടെ ഹൃദയം കവരുന്നുണ്ട്. അഹാനയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ‘കോർ മെമ്മറി' എന്ന പേരിൽ പുറത്തുവിട്ട വെഡ്ഡിംഗ് വീഡിയോ ഒരു ഫീൽ ഗുഡ് സിനിമ പോലെ മനോഹരമാണ്. പ്രേക്ഷകര് മാത്രമല്ല മൂന്നു സഹോദരിമാരും ഏറെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു ഇത്.
ഇപ്പോഴിതാ ‘കോര് മെമ്മറി’യിലെ ഏറ്റവും വൈകാരികമായ നിമിഷമായി മാറുന്നത് പ്രിയപ്പെട്ട സഹോദരിമാര് അഹാനയെക്കുറിച്ച് പറയുന്നതാണ്. അഹാനയുടെ സഹോദരിമാരായ ദിയയും ഇഷാനിയും ഹൻസികയുമാണ് ചേച്ചിയെക്കുറിച്ച് സംസാരിക്കുന്നത്. വാക്കുകൾ ഇടറി, കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് ദിയയും ഹൻസികയും അഹാനയോടുള്ള തങ്ങളുടെ സ്നേഹവും കടപ്പാടും പങ്കുവെച്ചത്. ഇക്കൂട്ടത്തിൽ ഇഷാനി കൃഷ്ണ പറഞ്ഞ കാര്യങ്ങള് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
‘‘ഞാന് സ്കൂളിലൊക്കെ പഠിക്കുമ്പോൾ എന്തെങ്കിലും ഹാർട്ട്ബ്രേക്ക് ഒക്കെ ഉണ്ടെങ്കിൽ വീട്ടിൽ അറിഞ്ഞാല് അടി കിട്ടും. അടി കിട്ടുമ്പോള്, ‘അവൾ അടിക്കേണ്ട, എന്തിനാണ് അടിക്കുന്നത്, പാവമല്ലേ...’ എന്ന്. ഞാൻ വളരെ അപൂര്വ്വമായിട്ടാണ് ഞാന് കരയുന്നത്. പക്ഷേ കരച്ചിൽ തുടങ്ങിയാല് ഞാൻ എനിക്ക് നിർത്താൻ പറ്റില്ല. കുറേ നേരം കരഞ്ഞു പോകും. ഞാന് കരയുന്നത് അമ്മുവിന് സഹിക്കാന് പറ്റില്ല, എന്നെ എടുത്തുകൊണ്ട് നടന്നിരുന്ന ആളല്ലേ...’’ എന്നാണ് ദിയ പറയുന്നത്.
‘ശരിയാ അമ്മു ഭയങ്കരമായി കംഫർട്ടാക്കും. ഒരു സിറ്റുവേഷന് വന്നാല്...’ എന്ന് പറഞ്ഞ് ഹന്സികയും വീഡിയോയില് ഇമോഷണലാകുന്നുണ്ട്. ,
‘‘വീട്ടിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും പറയാറുണ്ട്. എന്നാൽ നമുക്കൊരു ചേട്ടന്റെയും ആവശ്യമില്ല, ചേട്ടനില്ലാത്ത വിഷമം തോന്നിയിട്ടില്ല, കാരണം അമ്മു പത്ത് ചേട്ടന്മാർക്ക് തുല്യമാണ്. എല്ലാവരുടെയും ജീവിതത്തിൽ അമ്മുവിനെപ്പോലെ ഒരു ചേച്ചിയുണ്ടാകണം. ജീവിതത്തിൽ എന്ത് പ്രതിസന്ധിയോ പ്രശ്നമോ വന്നാലും ഞങ്ങൾക്ക് മുന്നിൽ കാവലായി ആദ്യം നിൽക്കുന്നത് അമ്മുവാണ്. ഞങ്ങൾ സുരക്ഷിതമായ കരങ്ങളിലാണെന്ന് അമ്മു എപ്പോഴും ഉറപ്പുവരുത്തും...’’ എന്നാണ് ഇഷാനിയും ഹൃദയം തുറന്ന് പറയുന്നത്.
കുടുംബത്തോടുള്ള അഹാനയുടെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന ഈ വീഡിയോയ്ക്ക് നിരവധി പേര് കമന്റുകള് പങ്കിടുന്നുണ്ട്. മൂത്ത സഹോദരി എന്ന നിലയില് അഹാനയ്ക്ക് നൂറില് നൂറാണ് മാര്ക്കെന്നും ഇവര് തമ്മിലുള്ള സ്നേഹം കണ്ടു പഠിക്കേണ്ടതാണെന്നും പലരും കുറിക്കുന്നുണ്ട്.
ഒൻപത് മാസത്തോളം നീണ്ട ചിട്ടയായ പ്ലാനിംഗിലൂടെയാണ് താൻ ഈ സ്വപ്നവിവാഹം യാഥാർത്ഥ്യമാക്കിയതെന്ന് അഹാന വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ചടങ്ങുകളുടെ ഓരോ സൂക്ഷ്മഘടകങ്ങളിലും അഹാന പുലർത്തിയ കൃത്യതയെയും പ്ലാനിംഗ് മികവിനെയും അഹാനയുടെ കുടുംബവും വരൻ നിമിഷും കുടുംബാംഗങ്ങളും അതിഥികളും ഒരുപോലെ പ്രശംസിക്കുന്നതും വീഡിയോയിലുണ്ട്.
.







Comments