
രജനീകാന്ത് ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ' ജയിലര് 2' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിനു ശേഷം രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് സോഷ്യല് മീഡിയയില് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
തലൈവര് എന്ന വികാരം വാക്കുകള്ക്ക് അതീതമാണെന്ന് സൗന്ദര്യ തന്റെ സോഷ്യല് മീഡിയ പോസ്റ്റില് കുറിച്ചു. ചിത്രത്തിന്റെ സംവിധായകന് നെല്സണ് ദിലീപ്കുമാറിനും, സംഗീതത്തിലൂടെ ചിത്രത്തിലെ സീനുകള് വേറെ ലെവല് എലവേഷനിലേക്ക് എത്തിച്ച അനിരുദ്ധ് രവിചന്ദറിനും സൗന്ദര്യ പ്രത്യേക നന്ദി അറിയിച്ചു. അനിരുദ്ധിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പിറന്നാള് സമ്മാനമാണിതെന്നും അവര് കൂട്ടിച്ചേര്ത്തു.
സിനിമയെക്കുറിച്ച് കൂടുതല് സംസാരിക്കാന് ആഗ്രഹമുണ്ടെങ്കിലും വികാരഭരിതയായതിനാല് വാക്കുകള് കിട്ടുന്നില്ലെന്ന് പറഞ്ഞ സൗന്ദര്യ, 'ജയിലര് 2' തമിഴ് സിനിമാ ചരിത്രത്തില് പുതിയ അധ്യായം കുറിക്കുമെന്നും പ്രേക്ഷകര് ചിത്രം വീണ്ടും വീണ്ടും തിയേറ്ററുകളില് പോയി കാണണമെന്നും അഭ്യര്ത്ഥിച്ചു.
2023 ല് പുറത്തിറങ്ങി വലിയ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മോഹന്ലാല്, ശിവരാജ് കുമാര്, രമ്യ കൃഷ്ണന്, മിര്ന തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങള്ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, വിദ്യ ബാലന്, മിഥുന് ചക്രവര്ത്തി, എസ്ജെ സൂര്യ, ഹൃത്വിക് റോഷന്, തുടങ്ങിയവരും ചിത്രത്തിലുണ്ട്. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരന് ആണ് ചിത്രം നിര്മിക്കുന്നത്.







Comments