
നെല്സണ് സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി പ്രധാന വേഷത്തിലെത്തിയ ‘ജയിലർ 2’ തിയേറ്ററുകളിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹന്ലാല്, സുരാജ് വെഞ്ഞാറമൂട് ഉള്പ്പെടെ നിരവധി മലയാളി താരങ്ങളും മിഥുന് ചക്രവര്ത്തി, ശിവരാജ് കുമാര്, ഹൃത്വിക് റോഷന് എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തില് അണിനിരക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ ആവേശത്തോടെയാണ് മലയാളി പ്രേക്ഷകരും ഈ ചിത്രത്തെ സ്വീകരിച്ചത്.
തലൈവർ രജനികാന്തിന്റെ ചിത്രമെന്നതു കൊണ്ടു തന്നെ സിനിമയില് അഭിനയിച്ച ഓരോരുത്തര്ക്കും വളരെ സ്പെഷ്യലാണ് ഈ ചിത്രം. ഏതെങ്കിലും തരത്തില് തങ്ങളുടെ സ്വപ്നങ്ങളുമായും വ്യക്തിജീവിതവുമായും ഈ ചിത്രത്തെ അഭിനേതാക്കള് ബന്ധിപ്പിക്കുന്നു. പ്രൊമോഷന് അഭിമുഖങ്ങളിലും മറ്റും പലരുമത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ രജനീകാന്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിന്റെ തനിക്ക് എത്രത്തോളം സ്പെഷ്യലാണെന്ന് കുറിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം മേഘ്ന രാജ്. രജനികാന്തിന്റെ വലിയ ആരാധകനും അഭിനേതാവുമായിരുന്ന തന്റെ അന്തരിച്ച ഭർത്താവ് ചിരഞ്ജീവി സർജയുടെ ആജീവനാന്ത സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നാണ് മേഘ്ന സോഷ്യല് മീഡിയയില് ഇതിനെപ്പറ്റി കുറിച്ചത്.
‘‘ഒക്ടോബർ എനിക്ക് എപ്പോഴും പ്രത്യേകതയുള്ള മാസമാണ്... ചിരുവിന്റെയും റയാന്റെയും ജന്മദിനങ്ങൾ വരുന്നതുകൊണ്ട് ഈ മാസം എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. ഇപ്പോൾ, ഒക്ടോബർ 15-ന് അതിലും വലിയൊരു പ്രത്യേകതയുണ്ട് - അത് ‘ജയിലർ 2’ ദിനമാണ്...
ഇന്ത്യൻ സിനിമയുടെ ദൈവം, അതുല്യനായ രജനി സാറിനൊപ്പം ഒരേ സ്ക്രീനിൽ എത്തുക എന്നത് ഒരു സ്വപ്നസാക്ഷാത്കാരമാണ്... എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനു മുഴുവനും ഇതൊരു വലിയ കാര്യമാണ്. ചില നിമിഷങ്ങൾ ഉടൻ തന്നെ പങ്കുവെക്കാൻ കഴിയാത്തത്ര വിലപ്പെട്ടതാണ്; അതുകൊണ്ട് തന്നെ ഈ ചിത്രങ്ങൾ ഏകദേശം ഒരു വർഷത്തോളമായി ഞാൻ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു...
വിശ്വസിക്കൂ, ഇനിയും ഒരുപാട് കാര്യങ്ങൾ വരാനിരിക്കുന്നു...ആ മനുഷ്യൻ. ആ ഇതിഹാസം....
ചിരുവിന്റെ ജന്മദിനത്തോട് ചേർന്ന് വരുന്നതുകൊണ്ട് ഈ റിലീസിന് പ്രത്യേകതയേറെയാണ്. ചില നാഴികക്കല്ലുകൾക്ക് വൈകാരികമായ ഒരു പ്രത്യേകതയുണ്ടാകും, അത്തരത്തിലുള്ള ഒന്നായിരിക്കും ഇതും...’’ എന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രങ്ങള് പങ്കിട്ട് മേഘ്ന കുറിച്ചിരിക്കുന്നത്. ചിരഞ്ജീവി സര്ജയും രജനികാന്തും ഒരുമിച്ചുള്ള ഒരു ത്രോബാക്ക് ചിത്രവും മേഘ്ന പോസ്റ്റില് പങ്കുവച്ചിട്ടുണ്ട്. മകന് റയാനും മേഘ്നയും രജനികാന്തും ഒരുമിച്ചുള്ള ചിത്രവും താരം ഷെയര് ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ റിലീസ് അന്തരിച്ച ചിരഞ്ജീവി സർജയുടെ ജന്മദിനത്തോട് അടുത്ത് വരുന്നതിനാൽ, ഇതിന്റെ വിജയം മേഘ്നയെ സംബന്ധിച്ചിടത്തോളം കൂടുതൽ സവിശേഷവും വികാരഭരിതവുമാക്കുന്നുണ്ട്.
സിനിമ മേഖലയിൽ ഏറെ ആഘോഷിക്കപ്പെട്ട താര ദമ്പതികളായിരുന്നു മേഘ്ന രാജും ചിരഞ്ജീവി സര്ജയും. പ്രണയിച്ച് വിവാഹിതരായ ഇവര് വ്യക്തിജീവിതത്തില് ഏറ്റവും സന്തോഷം ആഗ്രഹിച്ചിരുന്ന സമയത്താണ് തന്റെ ഭർത്താവിന്റെ അകാല വിയോഗം മേഘ്നയെ തളര്ത്തിയത്. ചിരഞ്ജീവിയുടെ മരണസമയത്ത് ഗര്ഭിണിയായിരുന്ന മേഘ്നയുടെ പിന്നീടുള്ള ജീവിതം മകനെ ചുറ്റിപ്പറ്റിയായിരുന്നു. ഏറെ നാളായ് സിനിമയില് നിന്ന് വിട്ടുനിന്നിരുന്ന താരം ‘ജയിലര് 2’ വിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. രജനികാന്തിന്റെ ‘ജയിലർ 2’ ൽ മേഘ്ന രാജ് പ്രധാന വേഷത്തിൽ എത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെ, സിനിമാ മേഖലയിലെ പ്രമുഖരും ആരാധകരും താരത്തിന് ആശംസകൾ നേരുന്നുണ്ട്.

തമിഴ് സിനിമയിലെന്നല്ല, തെന്നിന്ത്യൻ സിനിമയിൽ തന്നെ സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ‘ജയിലർ 2’. 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം സമ്മാനിച്ച വിജയമായിരുന്നു അതിന്റെ പ്രധാന കാരണം. തലൈവറുടെ ചിത്രം, നെൽസന്റെ സംവിധാനം, ബഹുഭാഷാ താരങ്ങളുടെ കാമിയോ വേഷങ്ങൾ, വിനായകന്റെ വില്ലൻ പ്രകടനം, അനിരുദ്ധിന്റെ സംഗീതം എന്നിവയെല്ലാം ആദ്യ ഭാഗത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതാണ്.
ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്. രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില് ഒന്നായിരുന്നു ജയിലറിന്റെ ആദ്യഭാഗം. മികച്ച അഭിപ്രായം നേടുന്ന ജയിലര് 2 വില് ആരാധകർക്ക് ആവേശം പകരുന്ന പ്രകടനമാണ് രജനികാന്ത് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്. വൻ ഓപ്പണിങ്ങോടെ തുടക്കം കുറിച്ച ചിത്രം ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമ ലോകവും.







Comments