
തൃശൂര്: ഓണംകളിയിലെ ഇതിഹാസ കലാകാരന് ഇടിവാള് സുബ്രനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിമിന്റെ ചിത്രീകരണം പൂര്ത്തിയായി. 80കളില് തെക്കന് തശൂരിലെ ചാലക്കുടിയുടെ മലയോര ഗ്രാമങ്ങള്മുതല് കൊടുങ്ങല്ലൂരിന്റെ തീരദേശ ഗ്രാമങ്ങള്വരെ ആരാധകരെ സൃഷ്ടിച്ച അതുല്യ കലാകാരനാണ് ഇടിവാള് സുബ്രന്.
തെക്കന് തൃശൂരില് ഓണക്കളിയെ ജനകീയമാക്കിയ ഇടിവാള് സുബ്രന് കൊടകരയ്ക്കു സമീപം മറ്റത്തൂര് മൂലംകുടം ഗ്രാമത്തില് 1962 ല് പനമ്പിള്ളി കറുപ്പന്റേയും ദേവകിയുടേയും മകനായി ജനിച്ചു.
2012ല് അകാലത്തില് അന്തരിച്ച ഇടിവാള് സുബ്രന്റെ ഭാര്യ സ്മൃതി മക്കളായ യദു, യാഥവ്, സുബ്രന്റെ അന്നത്തെ സഹഓണക്കളി കലാകാരന്മാര്, ഇടിവാള് ടീമിന്റെ ക്യാപ്റ്റന് രാജന്, അന്നത്തെ ഇടിവാള് ടീമിന്റെ എതിര് ടീം ക്യാപ്റ്റന്മാരായ ഡിസ്കോ സുകുമാരന് , മുരളിയാശാന്, തേശേരിയാശാന് എന്നിവര് സുബ്രനെ കുറിച്ചുള്ള ഓര്മകള് ഡോക്യുമെന്ററിയില് പങ്കുവയ്ക്കുന്നു.
ഓണംകളിയെ ഇന്നുകാണുന്ന രൂപത്തിലാക്കിയതില് ഇടിവാള് സുബ്രന് ഭീമമായ പങ്കുണ്ട്. മറ്റുള്ള ഓണംകളി ഗായകരെ പോലെ രാമായണ കഥ പാടുകയല്ല ഇടിവാള് സുബ്രന്റെ ശൈലി. ഇടിവാള് എന്ന പേരിലുള്ള ടീമിലെ 40 ഓളം പേര് വട്ടമിട്ട കളി വളയത്തിനു നടുവില് നിന്ന് പാടുന്നതോടൊപ്പം ആംഗ്യത്തിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കാണിക്കുന്നത് സുബ്രന്റെ മാത്രം സവിശേഷതയാണ്. മാന് തുള്ളിചാടുന്നതും രാവണന് അമ്പു ഉതിര്ക്കുന്നതും ഹനുമാന്റെ വരവുമെല്ലാം ഇടിവാള് സുബ്രന് കളിവളയത്തില് അഭിനയിച്ചുകാണിക്കും. 80 കളിലും 90 കളുടെ ആദ്യവും തെക്കന്തൃശൂരിന്റെ ഗ്രാമങ്ങളില് ഓണംകളിപ്രേമികളുടെ ഹരമായിരുന്നു ഇടിവാള് സുബ്രന്.
റോസി സിനിമാസ് നിര്മിച്ച 50 മിനിറ്റ് ദൈര്ഘ്യമുള്ള ഡോക്യുമെന്ററി മാധ്യമപ്രവര്ത്തകന് ധനേഷ്കൃഷ്ണയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാട്ടോഗ്രഫിയും എഡിറ്റിങ്ങും വിപിന്ജിത് കൊടകര, ഹെലി കാം നിഷ്മല്, പ്രൊഡക്ഷന് കണ്ട്രോളര് ഉമേഷ് ചെറുകുന്ന്, കോര്ഡിനേറ്റര് അശ്വിന് കെ. പ്രേമന്, സംഗീതം ഗിരീഷ് കുമാര്, ശബ്ദം കുമാര്, സബ് ടൈറ്റില് ശ്യാമപൂജ, പി.ആര്.ഒ. ഷൈനി ജോണ്, ഡിസൈന് അല്വിന് പി.എസ്.
നവരാത്രിയോടനുബന്ധിച്ച് ഡോക്യുമെന്ററി യുട്യൂബില് റിലീസ് ചെയ്യും.







Comments