
തിരുവനന്തപുരം: ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് അനധികൃത സ്വത്ത് സമ്പാദന കേസില് തടവ് ശിക്ഷയ്ക്ക് വിധിച്ച മുന് ഡിജിപി ടോമിന് ജെ തച്ചങ്കരി ജയിൽ മോചിതനായി. നാല് വർഷത്തെ തടവ് ശിക്ഷയായിരുന്നു കോട്ടയം വിജിലൻസ് കോടതി വിധിച്ചിരുന്നത്.
നാല് വര്ഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ടോമിന് ജെ തച്ചങ്കരിക്ക് വിജിലന്സ് കോടതി വിധിച്ച ശിക്ഷ. ഈ ശിക്ഷാവിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. വിജിലൻസ് കോടതി വിധിച്ച 30.84 ലക്ഷം രൂപ പിഴത്തുകയുടെ 75 ശതമാനം കോടതിയിൽ കെട്ടിവയ്ക്കണം, രാജ്യം വിട്ടുപോകരുത്, 5 ലക്ഷം രൂപയുടെ ജാമ്യബോണ്ട് സമർപ്പിക്കണം തുടങ്ങിയ കർശന ഉപാധികളോടെയാണ് പുറത്തിറങ്ങിയത്. സെപ്റ്റംബർ 18 മുതൽ അദ്ദേഹം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു.
2003 ജനുവരി 1 മുതൽ 2007 ജൂലൈ 4 വരെയുള്ള കാലയളവിൽ ഐ.ജി ആയിരിക്കെ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. ഹൈക്കോടതി ഉത്തരവ് വന്നതോടെ ഇന്നലെ രാത്രി 8.50-ഓടെയാണ് ജയില് മോചിതനായത്.
കേരളത്തിൽ അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന, ഡിജിപി റാങ്കിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ആദ്യത്തെ ഉദ്യോഗസ്ഥനാണ് ടോമിൻ ജെ. തച്ചങ്കരി







Comments