
സെപ്റ്റംബര് 13 നായിരുന്നു നടി അഹവന കൃഷ്ണയുടെയും ഛായാഗ്രാഹകന് നിമിഷ് രവിയുടെയും വിവാഹം. പത്ത് വര്ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില് ലളിതാമയ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല് മീഡിയയില് ശ്രദ്ധനേടിയിരുന്നു.
എന്നാല് ചിത്രങ്ങള് പുറത്തുവന്നതിന് പിന്നാലെ ചിലഅനാവശ്യമായ വിമര്ശനങ്ങളും ഉപദേശങ്ങളും പല കോണുകളില് നിന്നും വന്നിരുന്നു. അഹാനയുടെ വെഡ്ഡിംഗ് ലുക്ക് അത്ര പോരെന്നും ഡാന്സ് പെര്ഫോമന്സിന് പോകുന്നതുപോലെയുണ്ടെന്നുമൊക്കെയായിരുന്നു ചിലരുടെ നെഗറ്റീവ് കമന്റുകള്. ഇപ്പോഴിതാ ഇത്തരം അനാവശ്യ വിമര്ശനങ്ങള്ക്കും ഉപദേശങ്ങള്ക്കും ശക്തമായ മറുപടി നല്കുകയാണ് അഹാന. തന്റെ ഇന്സ്റ്റഗ്രാം പേജില് പങ്കുവെച്ച ദീര്ഘമായ കുറിപ്പിലൂടെയാണ് തന്റെ സ്വന്തം തീരുമാനങ്ങളെക്കുറിച്ച് താരം മനസ്സുതുറന്നത്.
‘എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഭംഗി തോന്നിയ നിമിഷം! നമ്മുടെ സങ്കൽപ്പങ്ങളും അധ്വാനവും ഒടുവിൽ കിട്ടുന്ന ഫലവും ഒത്തുചേർന്ന് പൂർണ്ണതയിലെത്തുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക സംതൃപ്തിയുണ്ട്. ഈ ലുക്ക് എനിക്ക് തന്നത് കൃത്യമായി ആ ഒരു ചാരിതാർത്ഥ്യമാണ്. വീണ്ടുമൊരിക്കൽ കൂടി അണിഞ്ഞൊരുങ്ങാൻ ഒരവസരം കിട്ടിയാൽ, ഇതിൽ ഒരു ചെറിയ മാറ്റം പോലും വരുത്താതെ ഇതേ രീതിയിൽ തന്നെയാകും ഞാൻ ഒരുങ്ങുക!
എന്റെ അമ്മ എന്നെ നോക്കി പറഞ്ഞത്, എന്നെ ഇങ്ങനെ നോക്കിക്കൊണ്ടേയിരിക്കാൻ തോന്നുന്നത് കൊണ്ട് ഈ വേഷം മാറ്റരുതെന്നാണ്!
പ്രിയപ്പെട്ട വധുക്കളെ, നിങ്ങളുടെ വിവാഹത്തിനായാലും (അല്ലെങ്കിൽ മറ്റേതൊരു ദിവസമായാലും) നിങ്ങൾ എങ്ങനെ ഒരുങ്ങണമെന്ന് തിരഞ്ഞെടുക്കുന്നത്, നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നു, നിങ്ങളുടെ വ്യക്തിത്വം, നിങ്ങളുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, വികാരങ്ങൾ എന്നിവയുടെ പ്രതിഫലനമാണ്. നിങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് നിങ്ങൾക്ക് തന്നെയാണ്!
മുടി കെട്ടിയത് വേറെ രീതിയിൽ ആകാമായിരുന്നു, വസ്ത്രം മറ്റൊന്നാകാമായിരുന്നു, ആഭരണങ്ങൾ അങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത്, നിറം വേറെ ആക്കേണ്ടതായിരുന്നു എന്നിങ്ങനെ ഉപദേശങ്ങളുമായി എപ്പോഴും ആളുകൾ കാണും.
പക്ഷേ സത്യം എന്തെന്നാൽ, അതൊന്നും ഒരു കാര്യമേയല്ല. സത്യത്തിൽ, അതിനൊരു പ്രാധാന്യവും നൽകേണ്ടതില്ല.
നിങ്ങൾ എങ്ങനെ ഒരുങ്ങണം എന്നതിന് മാനദണ്ഡമാകേണ്ട ഒരേയൊരു കാര്യം, കണ്ണാടിയിൽ സ്വന്തം രൂപം കാണുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു എന്നത് മാത്രമാണ്.
എന്നെ സംബന്ധിച്ച്, കണ്ണാടിയിൽ എന്നെത്തന്നെ നോക്കിയപ്പോൾ എനിക്ക് അതിയായ സൗന്ദര്യം തോന്നി. ഉള്ളിൽ നിന്ന് ഉണർന്ന് ചുറ്റും തിളങ്ങിനിൽക്കുന്ന ഒരുതരം സൗന്ദര്യം.
അതുകൊണ്ട്, നിങ്ങളുടെ ആ തിളക്കം നിങ്ങൾ കണ്ടെത്തൂ. മറ്റെവിടെയും പോയി അത് തിരയേണ്ടതില്ല. അതെല്ലാം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്! അഹാന കുറിച്ചു.







Comments