
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതംചെയ്തുകൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് രംഗത്ത്. തങ്ങൾ ഒരിക്കലും മത്സരത്തെ ഭയന്നിട്ടില്ലെന്നും സ്വന്തം ഉപഗ്രഹ സേവനങ്ങളും (സാറ്റലൈറ്റ് സർവീസസ്) അനുമതിക്കായി ക്യൂവിലുണ്ടെന്നും കമ്പനി വ്യക്തമാക്കി. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവ് ചില സ്വാർത്ഥ താല്പര്യക്കാർ തടസ്സപ്പെടുത്തുന്നു എന്ന മസ്കിന്റെ നിരന്തര ആരോപണങ്ങൾക്കുള്ള മറുപടിയായാണ് റിലയൻസിന്റെ ഈ പ്രസ്താവന.
എന്നാൽ, എല്ലാ കമ്പനികളും ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ജനങ്ങളെ സേവിക്കുക എന്നതിനാണ് മുൻഗണനയെന്നും റിലയൻസ് ഊന്നിപ്പറഞ്ഞു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇന്ത്യയിലെ നിക്ഷേപ-നവീകരണ അന്തരീക്ഷം സ്വദേശികളും വിദേശികളുമായ ഏവർക്കുമായി തുറന്നുകിടക്കുകയാണെന്നും എല്ലാ അപേക്ഷകർക്കും ഒരേ നിയന്ത്രണ പ്രക്രിയയാണ് ബാധകമെന്നും റിലയൻസ് പറഞ്ഞു.
"റിലയൻസിനെയും ഇന്ത്യൻ വിപണിയെയും കുറിച്ച് അടുത്തിടെയുണ്ടായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, യഥാർത്ഥ വസ്തുതകൾ രേഖപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഏതൊരു ഇന്ത്യൻ സംരംഭത്തെയും പോലെ, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ആഭ്യന്തരവും അന്തർദേശീയവുമായ നിക്ഷേപങ്ങളെയും നവീകരണങ്ങളെയും സ്വാഗതം ചെയ്യുന്ന ഇന്ത്യയിലാണ് റിലയൻസും വളർന്നത്. ആ തുറന്ന സമീപനം നിയമവാഴ്ചയിലധിഷ്ഠിതമാണ്. ഇന്ത്യൻ സർക്കാരും വ്യക്തമാക്കിയിട്ടുള്ളതുപോലെ, ഇന്ത്യൻ അപേക്ഷകരായാലും വിദേശ അപേക്ഷകരായാലും ഒരേ നിയമപ്രക്രിയ തന്നെയാണ് പിന്തുടരുന്നത്. ജിയോയുടെ സ്വന്തം സാറ്റലൈറ്റ് സേവനങ്ങളും സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്", റിലയൻസ് വ്യക്തമാക്കി.
"റിലയൻസിൽ, ഞങ്ങൾ ഒരിക്കലും മത്സരത്തെ ഭയന്നിട്ടില്ല. ഉപഭോക്താവിനെ ഏറ്റവും മികച്ച രീതിയിൽ സേവിക്കുന്നത് ആരാണെന്ന് തെളിയിക്കാനുള്ള യഥാർത്ഥ പരീക്ഷയായിട്ടാണ് ഞങ്ങൾ മത്സരത്തെ കാണുന്നത്. 2016-ൽ ഇന്ത്യയിലെ തിരക്കേറിയ ടെലികോം വിപണിയിലേക്ക് കടന്നുവരുമ്പോൾ ജിയോയ്ക്ക് ഒരു ഉപഭോക്താവ് പോലും ഉണ്ടായിരുന്നില്ല. വെറും പത്ത് വർഷത്തിനുള്ളിൽ 53 കോടിയിലധികം (530 മില്യൺ) ഉപഭോക്താക്കളുടെ വിശ്വാസം നേടാനും, ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും ഇന്ത്യക്കാർക്ക് നൽകാനും ജിയോയ്ക്ക് കഴിഞ്ഞു. സ്റ്റാർലിങ്ക് ഉൾപ്പെടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്തെ മത്സരങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ജിയോ ഉൾപ്പെടെയുള്ള എല്ലാ കമ്പനികളും ഇന്ത്യയിലെ ജനങ്ങളെ സേവിക്കുകയും രാജ്യത്തിന്റെ നിയമങ്ങളും നയങ്ങളും അനുസരിക്കുകയും വേണം" എന്നും റിലയൻസ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വിപണിയിൽ കുത്തകാവകാശ പ്രവണതകൾ ഉണ്ടെന്ന് മുമ്പും ആരോപിച്ച മസ്ക്, സ്റ്റാർലിങ്കിന്റെ വാണിജ്യപരമായ തുടക്കത്തിന് നേരിടുന്ന നിയന്ത്രണ തടസ്സങ്ങളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഒരു "പ്രാദേശിക വ്യവസായ പ്രമുഖന്റെ" പ്രേരണയാൽ സ്റ്റാർലിങ്കിനോട് വിവേചനം കാണിക്കുന്നു എന്ന മസ്കിന്റെ ആരോപണം കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു.







Comments