
ന്യൂഡല്ഹി: ഗുരുഗ്രാമില് ഫ്ലാറ്റിനുളളില് മലയാളി ദമ്പതികളെ മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് കൊടുവളളി സ്വദേശിയും എന്ഐടിയില് താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി അസ്ലം( 30) , ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില് ഫര്ഹാന ( 28) എന്നിവരാണ് മരിച്ചത്.
ഗുരുഗ്രാം സെ്കടര് 68-ലെ വാടക അപ്പാര്ട്ട്മെന്റില് വ്യാഴാഴ്ചയാണ് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തിയത്. ഫര്ഹാനയെ കഴുത്ത്ഞെരിച്ച് കൊന്ന് അസ്ലം ജീവനൊടുക്കിയതാണെന്ന് ഗുരുഗ്രാം പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്ട്ട് ചെയ്തു.
കൃത്യത്തിന് മുമ്പ് അസ്ലം പിതാവിന്റെയും വീട്ടുടമയുെടയും മൊബൈല് നമ്പറുകള് ഉള്പ്പെടുത്തി തന്റെ ഓഫീസിലേക്ക് ഇ- മെയില് അയച്ചിരുന്നു. സംഭവം ഇവരെ അറിയിക്കണമെന്ന് അദ്ദേഹം കമ്പനിയോട് അഭ്യര്ത്ഥിച്ചിരുന്നതായും പോലീസ് പറഞ്ഞു.
അസ്ലം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി അയച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല് കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

Comments