
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിൽ വിജിലൻസ് എഫ്ഐആർ സ്റ്റേചെയ്യാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി വിധി അനുകൂലമായതിനാൽ നടപടികൾ വേഗത്തിലാക്കാൻ ഇ ഡി ആലോചിക്കുമ്പോഴാണ് ഇരുവരും മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാൽ, വിജിലൻസ് എഫ്ഐആർ നടപടികൾ റദ്ദുചെയ്യാൻ ആവശ്യപ്പെടുന്ന ഹർജി ഇന്ന് കോടതി പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന വിവരം. അടിയന്തരമായി പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം തള്ളിയത് ഇ ഡിക്ക് അനുകൂല സാഹചര്യമുണ്ടാക്കും. നോട്ടീസ് നൽകുന്നതിനും ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നതിനുമുള്ള നടപടികൾ ഉടൻ സ്വീകരിച്ചേക്കും.
കേസിൽ പ്രാഥമിക അന്വേഷണം ആവശ്യമാണെന്നുള്ള നിലപാടായിരുന്നു സർക്കാരിനും ഹർജിക്കാർക്കുമുണ്ടായിരുന്നത്. ഇ ഡി നൽകിയ തെളിവുകൾ പര്യാപ്തമല്ല എന്നും ആക്ഷേപമുയർത്തി. എന്നാൽ, ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി തടയൽ നിയമ പ്രകാരം കേസ് എടുക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് നടപടി ഡിവിഷൻ ബഞ്ചും അംഗീകരിച്ചത് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി വീണ തുടങ്ങിയ പ്രതികൾക്ക് തിരിച്ചടിയായി.
കേസ് എടുക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് എ ബദറുദ്ദീനിന്റെ ഉത്തരവ് പ്രതികളുടെ നിയമപരമോ ഭരണഘടനാപരമോ ആയ അവകാശത്തെ ബാധിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. അഴിമതി കേസിൽ എഫ്ഐആർ ഇടുന്നതിന് മുൻപ് പ്രതികളുടെ ഭാഗം കേൾക്കണമെന്നതും പ്രാഥമിക അന്വേഷണം വേണമെന്നതും പ്രതികൾക്ക് ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സർക്കാർ നിലപാടിനുള്ള കനത്ത തിരിച്ചടിയായിരുന്നു.







Comments