
അയോധ്യ രാമക്ഷേത്രത്തില് ദര്ശനം നടത്തി ബോളിവുഡ് താരം യാമി ഗൗതം. തന്റെ പുതിയ ചിത്രമായ 'നയീ നവേലി'യുടെ റിലീസിന് മുന്നോടിയായാണ് താരം രാംലല്ലയുടെ അനുഗ്രഹം തേടിയെത്തിയത്.
പരമ്പരാഗത ശൈലിയിലുള്ള മഞ്ഞ സാരി ധരിച്ചാണ് യാമി ക്ഷേത്രത്തിലെത്തിയത്. മഞ്ഞ നിറത്തിലുള്ള ഫ്ളോറല് മോട്ടിഫുകളുള്ള ബോര്ഡറായിരുന്നു സാരിയുടേത്. ലളിതവും അതീവ സുന്ദരവുമായ ലുക്കില് പ്രാര്ഥനകളില് പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് ശ്രദ്ധനേടിക്കഴിഞ്ഞു.
"ശ്രീരാമ ജന്മഭൂമി മന്ദിര്, അയോധ്യയില് ദിവ്യ ദര്ശനം നടത്താന് കഴിഞ്ഞതില് അനുഗ്രഹീതയായി തോന്നുന്നു. ആ ഒരു വികാരഭരിതമായ നിമിഷം വാക്കുകള് കൊണ്ട് വിവരിക്കാനാവില്ല" എന്നായിരുന്നു ചിത്രങ്ങള്ക്കൊപ്പം യാമി കുറിച്ചത്.
അയോധ്യയിലെ മാ സര്യൂ ഘട്ടിലെ ആരതിയും മനസ്സില് സമാധാനവും... നവരാത്രി ദിവസങ്ങളില് ഈ പവിത്രമായ നഗരത്തില് നിന്ന് അനുഗ്രഹം ലഭിച്ചതില് മനസ്സ് വികാരഭരിതമായി. ഇനി നാളെയുള്ളത് ശ്രീരാമന്റെ കൃപയാലാണ്. നാളെ റിലീസ് ചെയ്യുന്ന എല്ലാ സിനിമകള്ക്കും എല്ലാവിധ പോസിറ്റിവിറ്റിയും നല്ല ആശംസകളും നേരുന്നു എന്നും താരം കൂട്ടിച്ചേര്ത്തു.
ബാലാജി മോഹന് സംവിധാനം ചെയ്യുന്ന 'നയീ നവേലി' ഒക്ടോബര് 16 നാണ് തിയേറ്ററുകളിലെത്തുന്നത്. അദ്ദിനാഥ് എം. കോത്താരെ, അനുരാഗ് താക്കൂര്, സുനിതാ രാജ്വര്, മിതാ വസിഷ്ഠ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.







Comments