
ന്യൂഡൽഹി: പാർട്ടിയിലെ യുവ നേതാക്കളോട് സംസാരിക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയ മറുപടി തമാശയ്ക്ക് കാരണമായി. അധികാരവും സുരക്ഷയും ആഗ്രഹിച്ചോ, അല്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും ഭയന്നോ ആണ് ആസാദും സിന്ധ്യയും പോലുള്ള സ്വാർത്ഥരും ഭീരുക്കളുമായ നേതാക്കൾ പാർട്ടി വിട്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് എന്നിവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി, "പേടിത്തൊണ്ടന്മാരും സ്വാർത്ഥരും" പാർട്ടി വിട്ടതിനുശേഷം കോൺഗ്രസിൽ ഇനി "സിംഹങ്ങൾ" മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് രാഹുൽ ഗാന്ധി യുവനേതാക്കളോട് പറഞ്ഞു. ഈ സമയത്ത്, പാർട്ടി വിട്ടുപോയ നേതാക്കളെല്ലാം രാഹുലിന്റെ "കൂട്ടുകാരായിരുന്നു" എന്ന് ഖാർഗെ തമാശരൂപേണ ഓർമ്മിപ്പിച്ചത് ചിരിപടർത്തി.
ഖാർഗെയുടെ പരാമർശത്തിൽ ചെറുതായി ലജ്ജിതനായ രാഹുൽ ഗാന്ധി ആദ്യം പ്രിയങ്ക ഗാന്ധിയെ കൂട്ടുപിടിച്ചു. സിന്ധ്യ തന്റെ കൂട്ടുകാരൻ ആയിരുന്നില്ല എന്ന് പ്രിയങ്കയ്ക്ക് അറിയാം, അവർ അടുത്ത് ഇരിക്കുന്നുണ്ട് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിന്നീട് മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായുള്ള തന്റെ ചെറുപ്പകാലത്തെ സംഭാഷണവും രാഹുൽ ഉദാഹരണമായി പറഞ്ഞു.
"എന്റെ രാഷ്ട്രീയ പരിശീലനം ലഭിച്ചത് മുത്തശ്ശിയിൽ നിന്നാണ്. ഒരിക്കൽ ഞാൻ മുത്തശ്ശിയോട് ചോദിച്ചു, 'ആരാണ് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത്?' തനിക്ക് ഏറ്റവും നല്ലൊരു സുഹൃത്തില്ലെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. ഞങ്ങളുടെ വീട്ടിൽ അടിക്കടി വരാറുള്ള ഒരു സ്ത്രീയുടെ പേര് പറഞ്ഞ്, 'അവർ നിങ്ങളുടെ ഏറ്റവും നല്ല കൂട്ടുകാരിയല്ലേ?' എന്ന് ഞാൻ ചോദിച്ചു. അതിന് മുത്തശ്ശി മറുപടി നൽകി: 'അല്ല, ഞാൻ അവരുടെ ഏറ്റവും നല്ല കൂട്ടുകാരിയായിരിക്കാം, പക്ഷേ അവർ എന്റെ ഏറ്റവും നല്ല കൂട്ടുകാരിയല്ല.'
താനൊരു രാഷ്ട്രീയ വ്യക്തിത്വമാണ്. സുഹൃത്താണെന്ന് തോന്നുന്ന ഒരാൾ യഥാർത്ഥത്തിൽ അങ്ങനെയാകണമെന്നില്ല, എന്റെ ശത്രുവാണെന്ന് തോന്നുന്നയാൾ യഥാർത്ഥത്തിൽ ശത്രുവാകണമെന്നുമില്ല. അതുകൊണ്ട് എന്റെ യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് തിരിച്ചറിയുക നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ് എന്നും ഇന്ദിരഗാന്ധിയുമായി നടന്ന സംഭാഷണം ഉദ്ധരിച്ച് രാഹുൽ പറഞ്ഞുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.







Comments