
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ഒരു ക്ലാസിക് ക്യാമ്പസ് ചിത്രമായിരുന്നു ‘നോട്ട്ബുക്ക്’. ഊട്ടിയിലുള്ള ഒരു ബോർഡിങ്ങ് സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർഥികളുടെ കഥയാണ് ചിത്രം പറഞ്ഞത്. സൗഹൃദത്തിന്റെയും കൗമാരപ്രണയത്തിന്റെയും കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ നൊമ്പരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്റര്വെല് മുതല് വൈകാരികമായ സന്ദര്ഭങ്ങള് നല്കുന്ന ചിത്രത്തിന്റെ കണ്ണുനനയിപ്പിക്കുന്ന ക്ലൈമാക്സ് മലയാളി പ്രേക്ഷകരുടെ മനസ്സില് ഇന്നും മായാത്ത നൊമ്പരമായി നിലനില്ക്കുന്നതാണ്. ചിത്രം റിലീസ് ചെയ്തിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും ആ സിനിമ നല്കിയ ഓര്മ്മകളും വേദനയും പ്രേക്ഷകരുടെ മനസ്സിലുണ്ട്.
ഇപ്പോഴിതാ ‘നോട്ട്ബുക്ക്’ സിനിമയ്ക്ക് പുതിയൊരു എഐ വേര്ഷന് നല്കുകയാണ് സോഷ്യല് മീഡിയ. എഐ സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിച്ചിരിക്കുന്ന ഈ വീഡിയോയില് വർഷങ്ങള്ക്ക് ശേഷം, ഒരു പുതുവർഷ രാവില് വിടപറഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരി ശ്രീദേവിയെ ഓർക്കാനായി സൈറയും പൂജയും ശ്രീദേവിയുടെ കാമുകനായ സൂരജ് മേനോനും ഒത്തുചേരുന്നതാണ് വീഡിയോയിലുള്ളത്. ശ്രീദേവിയുടെ പ്രായമായ മാതാപിതാക്കളെയും വീഡിയോയില് കാണിക്കുന്നുണ്ട്.
‘‘നോട്ട്ബുക്ക്, ഒരു പുതിയ അദ്ധ്യായം...കാലം മായ്ക്കാത്ത കൂട്ടുകെട്ടുകളില് ഒന്ന്.. ഒരാള് ഇന്ന് അവരുടെ കൂടെ ഇല്ലെങ്കിലും എല്ലാ ന്യൂ ഇയർ രാത്രിയിലും അവർ ഒന്നിച്ചു തന്നെ കാണും... അത് അവർ എവിടെയാണെങ്കിലും അന്ന് അവർ ഒന്നിക്കും...’’ എന്ന വൈകാരികമായ കുറിപ്പിനൊപ്പമാണ് ഈ വീഡിയോ സോഷ്യല് മീഡിയയില് എത്തിയത്. എസ്.ബി.എ എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെ വന്ന ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി. ‘എഐ ആണെങ്കില് പോലും ആ കഥാപാത്രങ്ങള് ഇങ്ങനെ വീണ്ടും ജീവിക്കുന്നത് കാണുമ്പോള് വല്ലാത്ത സന്തോഷം തോന്നുന്നു, 20 വർഷം കഴിഞ്ഞിട്ടും എന്തൊരു ഫ്രഷ്നെസ്, ഇത്രയും കാലത്തിന് ശേഷവും പണ്ട് കണ്ട അതേ ഫീലിംഗ്സ് തന്നെ...’ എന്നിങ്ങനെയുള്ള നൊസ്റ്റാള്ജിക് കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
മരിയ റോയ് അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രത്തിന്റെ മരണം ഇന്നും പ്രേക്ഷകരുടെ കണ്ണു നിറയ്ക്കാറുണ്ട്. കുറുമ്പുകള് ഏറെയുണ്ടെങ്കിലും തന്റെ സൗഹൃദം അമൂല്യമായി കാത്തുസൂക്ഷിക്കുന്ന സൈറയായി റോമയും, പൂജയെന്ന വൈകാരിക കഥാപാത്രമായി പാർവതി തിരുവോത്തും, സൂരജെന്ന കാമുകനായി സ്കന്ദ അശോക് സൂരജായും തകർത്തഭിനയിച്ച ചിത്രം ഇന്നും മലയാളസിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട ഓർമ്മപ്പുസ്തകമാണ്.







Comments