
'ജയിലർ 2' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചും ക്ലൈമാക്സ് രംഗങ്ങളെക്കുറിച്ചുമുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിൽ മോഹൻലാലിന് സ്ക്രീൻ സ്പേസ് കുറവാണെന്നും പല പ്രധാന ഭാഗങ്ങളും എഡിറ്റ് ചെയ്ത് മാറ്റിയെന്നും കോസ്റ്റ്യൂം ഡിസൈനർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി മിമിക്രി കലാകാരനും നടനുമായ ജോബി കൊടകര രംഗത്തെത്തിയത്.
ചിത്രത്തിന്റെ റിലീസ് ദിനത്തിൽ ജോബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായത്. 'ജയിലർ 2' എന്ന വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലും സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കാണാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ജോബി, മോഹൻലാലിന്റെ ലുക്കിലുള്ള തന്റെ ലൊക്കേഷൻ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

ഇതോടെ, ചിത്രത്തിന്റെ ക്ലൈമാക്സിൽ കാറിലെത്തുന്ന നിർണായക ഷോട്ടുകളിൽ അഭിനയിച്ചത് മോഹൻലാലല്ലെന്നും അദ്ദേഹത്തിന്റെ ഡ്യൂപ്പായി എത്തിയ ജോബി കൊടകരയാണെന്നുമാണ് ഒരു വിഭാഗം ആരാധകർ ഉറപ്പിച്ച് പറയുന്നത്.സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും വിവാദങ്ങളിലേക്ക് വഴിവെക്കുകയും ചെയ്തതോടെ ജോബി കൊടകര തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ചു.







Comments