
അഭിനേത്രി, മോഡൽ, വീഡിയോ ജോക്കി, ടെലിവിഷൻ അവതാരക എന്നിങ്ങനെ വിവിധ മേഖലകളില് തിളങ്ങി നില്ക്കുന്ന താരമാണ് മലൈക അറോറ. 50-ാം വയസിലും താരത്തിന്റെ ലുക്കും ഫിറ്റ്നെസ്സും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്നും ബി-ടൗണിലെ ഏറ്റവും ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക അറോറ. പ്രായത്തെ വെല്ലുന്ന ഈ രൂപമാണ് മറ്റ് ബോളിവുഡ് താരങ്ങളിൽ നിന്ന് മലൈകയെ വേറിട്ടു നിർത്തുന്നത്.
യോഗ, വർക്ക്ഔട്ട്, റെഡ് കാർപെറ്റ് ലുക്കുകൾ എന്നിവയിലെല്ലാം മലൈകയോളം തിളങ്ങുന്ന താരസുന്ദരിമാര് ഇല്ലെന്നു തന്നെ പറയാം. ട്രഡീഷണല് ലുക്കാണെങ്കിലും ഹോട്ട് ഗ്ലാമര് ഔട്ട്ഫിറ്റായാലും സോഷ്യല് മീഡിയയില് താരം പങ്കിടുന്ന ചിത്രങ്ങള് നിമിഷനേരം കൊണ്ട് തരംഗമായി മാറാറുണ്ട്. റെഡ് കാര്പെറ്റ് ലുക്കുകളിലും ഐറ്റം സോംഗുകളിലും താരത്തെ വെല്ലാന് ന്യൂ ജെന് താരറാണിമാര്ക്കു പോലും കഴിയാറില്ല.
ഇപ്പോഴിതാ കൃഷ്ണലീല തീമിലുള്ള ടീൽ നിറത്തിലുള്ള കലംകാരി ലെഹംഗ സെറ്റില് ഒരു രാജകുമാരിയെപ്പോലെ തിളങ്ങുന്ന ചിത്രങ്ങള് പങ്കിടുകയാണ് മലൈക അറോറ. അദിതി ഗുപ്ത ഡിസൈന് ചെയ്ത ടസ്സർ സിൽക്കിൽ കലംകാരി ശൈലിയിലുള്ള ഈ ടീല്,റസ്റ്റ്, നീല നിറങ്ങളുള്ള ലെഹംഗയില് ഇതിൽ ശ്രീകൃഷ്ണൻ ഗോവർദ്ധന പർവ്വതം ഉയർത്തുന്നതും, ഗോപികമാരും ഇടയന്മാരും പശുക്കളും ഒത്തുചേരുന്നതുമായ ‘കൃഷ്ണലീല’ രംഗങ്ങൾ കൈകൊണ്ട് വരച്ചുചേർത്തിട്ടുണ്ട്. സരി, രേഷം , ദബ്ക, സർദോസി എംബ്രോയിഡറി വർക്കുകൾ ഈ വര്ക്കിന് കൂടുതൽ ആഴവും ഭംഗിയും നൽകുന്നു.
ലെഹംഗയ്ക്കൊപ്പമുള്ള ബ്ലൗസിന്റെ കൈകളിൽ അപ്സരസ്സുകളുടെ എംബ്രോയിഡറി ഡിസൈനുകളുണ്ട്. ഒപ്പം, ഡോരി, ആരി, ദബ്ക വർക്കിൽ പശുക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത, തിളക്കമുള്ള കോപ്പർ ടിഷ്യൂ ദുപ്പട്ടയും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ദിവ്യലീലകളെയും വൃന്ദാവനത്തെയും ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തെയും ഒരേസമയം അടയാളപ്പെടുത്തുന്ന ഈ ഔട്ട്ഫിറ്റില് തിളങ്ങുകയാണ് താരം. കല്യാണ് ജ്വല്ലേഴ്സ് എല്ലാ വര്ഷവും നടത്തിവരാറുള്ള നവരാത്രി ആഘോഷങ്ങളില് മലൈക എത്തിയത് ഈ എത്നിക് സ്റ്റൈലിലാണ്.







Comments