
ബോളിവുഡ് പവര് കപ്പിള്സായ സെയ്ഫ് അലി ഖാനും കരീന കപൂറും തങ്ങളുടെ 14-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ്. വര്ഷങ്ങളിത്ര കഴിഞ്ഞെങ്കിലും അവരുടെ രസകരമായ ഇടപെടലുകളും പരസ്പരമുള്ള കെമിസ്ട്രിയും ഇന്നും ആരാധകരെ ആകർഷിക്കാറുണ്ട്. ഒക്ടോബർ 16-ന് തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരുവരും നെറ്റ്ഫ്ലിക്സില് സ്ട്രീം ചെയ്യുന്ന കപില് ശര്മ്മ അവതാരകനായ ‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’ യിൽ അതിഥികളായി എത്തിയിരുന്നു.
ഇപ്പോഴിതാ കരീന കപൂറിന് ഉറങ്ങുന്നതിന് മുമ്പുള്ള ഒരു പ്രത്യേക ശീലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സെയ്ഫ് അലി ഖാൻ. ഷോയില് വച്ച് സെയ്ഫിത് പറഞ്ഞതു കേട്ടപ്പോള് എല്ലാവരുടെയും മുഖത്ത് കൗതുകമായിരുന്നു. നെയ്യ് കഴിക്കാൻ ഇഷ്ടപ്പെടുന്ന കരീന, എല്ലാ രാത്രിയിലും അത് തന്റെ പാദങ്ങളിൽ പുരട്ടാറുണ്ടെന്നാണ് സെയ്ഫ് വെളിപ്പെടുത്തിയത്. ഇത് സമാധാനമായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് കരീന വിശദീകരിച്ചപ്പോൾ, തങ്ങളുടെ കിടപ്പുമുറി ഒരു ‘ധാബ’ പോലെ മണക്കാറുണ്ടെന്നാണ് സെയ്ഫ് തമാശരൂപേണ പറഞ്ഞത്.
ഇത്ര വര്ഷങ്ങള് കഴിഞ്ഞിട്ടും ഇരുവരും എങ്ങനെയാണ് ഇത്രയും ഉന്മേഷത്തോടെയും പുതുമയോടെയും ഇരിക്കുന്നതെന്നാണ് ഷോ അവതാരകനായ കപില് ശര്മ്മ ചോദിച്ചത്. കൂട്ടത്തില് അവരുടെ ഭക്ഷണക്രമത്തെക്കുറിച്ചും കപില് ചോദിച്ചു.
ഇതിന് മറുപടിയായി സെയ്ഫ് പറഞ്ഞത്, ‘ഈയടുത്ത് ഞങ്ങൾക്ക് ധാരാളം നെയ്യ് ലഭിക്കുന്നുണ്ട്...’ എന്നാണ്. തങ്ങളുടെ വീട്ടിലെ ഭക്ഷണക്രമത്തിൽ നെയ്യ് ഒരു പ്രധാന ഘടകമാണെന്ന് കരീനയും പറഞ്ഞു. ‘ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ ധാരാളം നെയ്യ് ഉപയോഗിക്കാറുണ്ട്...’ എന്ന് കരീന പറഞ്ഞു. ഇത് കേട്ട് അത്ഭുതപ്പെട്ട കപിൽ, ‘സത്യമാണോ, നിങ്ങൾ നെയ്യ് കഴിക്കാറുണ്ടോ?’ എന്ന് ചോദിച്ചു. അതിനുള്ള സെയ്ഫിന്റെ മറുപടി ‘ഞങ്ങളുടെ കുട്ടികൾ കഴിക്കുന്നു, ഞങ്ങളും കഴിക്കുന്നു...’ എന്നാണ്.
സംസാരത്തിനിടയിൽ, തന്റെ ഭാര്യ കരീനയുടെ ഒരു പ്രത്യേക ശീലത്തെക്കുറിച്ച് സെയ്ഫ് പറഞ്ഞു. ‘കരീന നെയ്യ് കഴിക്കുക മാത്രമല്ല ചെയ്യുന്നത്, എല്ലാ രാത്രിയും അത് തന്റെ കാലുകളിൽ പുരട്ടുകയും ചെയ്യുന്നുണ്ട്...’ എന്നാണ്. ഇത് ശരിവെച്ചുകൊണ്ട് കരീന, ‘അത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും...’ എന്ന് വിശദീകരിച്ചു.
ഉടൻ തന്നെ വന്ന സെയ്ഫിന്റെ മറുപടിയാണ് സദസ്സനെ ചിരിപ്പിച്ചത്. ‘ഒന്ന് ആലോചിച്ചു നോക്കൂ, എത്ര റൊമാന്റിക് ആയ കാര്യമാണല്ലേ... ഇതിന്റെ ഫലമായി എല്ലാ രാത്രിയും ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു ‘ധാബ’യിലെ പോലെ ഗന്ധം വരുന്നു...’’ സെയ്ഫിന്റെ ഈ തഗ് മറുപടി കേട്ട് കപിലും അര്ച്ചനയും സദസ്സും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ‘കോൻ ബനേഗാ ക്രോർപതി’ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ സെയ്ഫിന് സമ്മാനമായി ലഭിച്ചത് രണ്ട് വർഷത്തേക്ക് ആവശ്യമായ നെയ്യായിരുന്നു. ഈ സമ്മാനം ലഭിച്ചതിൽ സെയ്ഫ് അതീവ സന്തുഷ്ടനുമായിരുന്നു. സമ്മാനം ഇതാണെന്നറിഞ്ഞ സെയ്ഫിന്റെ കുട്ടികളെപ്പോലെയുള്ള ആവേശവും സന്തോഷവും കണ്ട് അവതാരകൻ അമിതാഭ് ബച്ചനും ചിരി അടക്കാനായില്ല. സോഷ്യല് മീഡിയയില് ഈ എപ്പിസോഡ് വൈറലായതാണ്.
തങ്ങളുടെ 14-ാം വിവാഹവാർഷികത്തോടനുബന്ധിച്ച് കരീന ഇൻസ്റ്റാഗ്രാമിൽ ചില അപൂർവ്വ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്. ഡേറ്റിംഗ് കാലഘട്ടത്തിലെ ചിത്രങ്ങൾ, വിവാഹത്തിന് തൊട്ടുപിന്നാലെയുള്ള നിമിഷങ്ങൾ, അവധിക്കാല ഓർമ്മകൾ, മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ, കൂടാതെ സെയ്ഫിന്റെ ചില പ്രത്യേക ചിത്രങ്ങളും ഇതിലുണ്ടായിരുന്നു.
‘‘സൂര്യന് ചുറ്റും മറ്റൊരു വർഷം കൂടി... ഇനിയും ഒരുപാട് കാലം ഒരുമിച്ച്...’’ എന്നാണ് കരീന കുറിച്ചത്. ഒപ്പം ഒരു ചുവന്ന ഹാര്ട്ട് ഇമോജിയും തനിക്ക് പ്രിയപ്പെട്ട റെയിൻബോ ഇമോജിയും കൊടുത്തു. പുതിയതായി സെയ്ഫിന്റെ ആരംഭിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടും കരീന ഇതിൽ ടാഗ് ചെയ്തിട്ടുണ്ട്. മലൈക അറോറ, അമൃത അറോറ, ഷിബാനി ദണ്ഡേക്കർ, റിദ്ധിമ കപൂർ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ഈ ദമ്പതികൾക്ക് ആശംസകൾ നേര്ന്നിരുന്നു.
2012-ലാണ് സെയ്ഫും കരീനയും വിവാഹിതരായത്. ഇവർക്ക് തൈമൂർ, ജഹാംഗീർ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. അമൃത സിംഗുമായുള്ള തന്റെ മുൻ വിവാഹബന്ധത്തിൽ സെയ്ഫിന് സാറ അലി ഖാൻ , ഇബ്രാഹിം അലി ഖാൻ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. സഹോദരങ്ങൾ തമ്മിൽ മാത്രമല്ല സാറയും ഇബ്രാഹിമും കരീനയുമായും വളരെ അടുത്ത ബന്ധമാണുള്ളത്. ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ, കരീന തനിക്ക് ഒരു ‘സുഹൃത്തിനെ’ പോലെയാണെന്ന് സാറ മുൻപ് പറഞ്ഞിട്ടുണ്ട്.







Comments