
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില് ആഡംബര വാഹനം ഇടിച്ച് രണ്ട് യുവതികളും ഒരു യുവാവും മരിച്ച കേസിലെ പ്രതികളുടെ ജാമ്യ ഹര്ജിയില് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുഖ്യപ്രതിയും കാക്കനാട് ജോയ് ആലുക്കാസ് ഗോള്ഡ് ടവറില് താമസിക്കുന്ന ഇഹാ ഡിസൈന്സ് ഉടമകളായ ആലപ്പുഴ, തിരുവമ്പാടി ആലശേരി സ്വദേശി നൂഹാ സജീവ്-സജീവ് ജമാല് ദമ്പതികളുടെ മകനുമായ സുഹൈല് സജീവ് അടക്കം നാല് പ്രതികളുടെ ജാമ്യ ഹര്ജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്.
മണിക്കൂറുകള് നീണ്ട വാദപ്രതിവാദങ്ങള്ക്കൊടുവിലാണ് ഹര്ജി വിധി പറയാന് മാറ്റിവച്ചത്. എഫ്ഐആറില് രേഖപ്പെടുത്തിയ ദൃക്സാക്ഷിയില് ദുരൂഹതയുണ്ടെന്നും സ്കൂട്ടറില് മൂന്നുപേര് യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നും പ്രതിഭാഗം വാദിച്ചു. മൂന്ന് പേര് ഒരുമിച്ച് പോയത് കൊണ്ടാണോ അവരെ ഇടിച്ചത് എന്നായിരുന്നു മജിസ്ട്രേറ്റിന്റെ മറുചോദ്യം. അവര് മരിച്ചു പോയില്ലേ മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം അവരെ ഇനി ശിക്ഷിക്കാന് ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്ക്ക് ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന് ശക്തമായി വാദിച്ചു.
പ്രതികള്ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും മൂത്രം, രക്തം എന്നിവ പരിശോധിച്ചതില് നിന്ന് ഇവര് മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. പ്രായം 19 വയസാണെങ്കിലും ചെയ്ത കുറ്റവും അതിന്റെ ഭവിഷത്തും വ്യക്തമായി അറിയാവുന്ന ആളാണ് മുഖ്യപ്രതി സുഹൈലെന്നും പ്രോസിക്യൂഷന് വാദിച്ചു. അപകടം ഉണ്ടാക്കിയ കാറിന്റെ ഇ.ഡി.ആര് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിലൂടെ അപകടത്തിന്റെ ആഘാതം തെളിയുമെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷന് അന്വേഷണം നിര്ണായക ഘട്ടത്തിലായതിനാല് ഇപ്പോള് ജാമ്യം നല്കരുതെന്നും ആവശ്യപ്പെട്ടു. ഇ.ഡി.ആര് എന്ത് കൊണ്ടാണ് കോടതിയില് നല്കാത്തതെന്ന് ജഡ്ജി ചോദിച്ചു.
ഇ.ഡി.ആര് കഴിഞ്ഞ ദിവസമാണ് എടുത്തതെന്നും ഡാറ്റാ ശേഖരണം നടക്കുകയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള് ഹാജരാക്കാന് കോടതി നിര്ദേശിച്ചു. അപകടത്തിന് ശേഷം പ്രതി 'കേസ് എന്റെ ബാപ്പ നോക്കിക്കോളും' എന്ന് പറഞ്ഞതായി മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന് കോടതിയില് വ്യക്തമാക്കി. മുന്പ് ഏതെങ്കിലും കേസുകള് പ്രതിയുടെ പിതാവ് ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു.







Comments