
ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'കുച്ച് കുച്ച് ഹോത്താ ഹൈ' റിലീസ് ചെയ്തിട്ട് 28 വര്ഷങ്ങള് പൂര്ത്തിയായി. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് ഇന്നും ആരാധകരുടെ ഹൃദയത്തില് വലിയ സ്ഥാനമാണുളളത്. ജതിന്-ലളിത് ഈണം നല്കിയ ചിത്രത്തിലെ ഗാനങ്ങളും വലിയ തരംഗമാണ് സൃഷ്ടിച്ചത്.
ഇപ്പോഴതാ ചിത്രം 28 വര്ഷങ്ങള് പൂര്ത്തിയാക്കുന്ന വേളയില് നടി കാജോള് സമൂഹമാധ്യമങ്ങളില് പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. ചിത്രത്തില് താന് അവതരിപ്പിച്ച 'അഞ്ജലി' എന്ന കഥാപാത്രത്തിന്റെ ലുക്ക് വീണ്ടും പുനരാവിഷ്കരിച്ചെത്തിയിരിക്കുകയാണ് താരം.
ചുവന്ന ജാക്കറ്റും ഷോട്ട് ഹെയറും മിനിമല് മേക്കപ്പും ഒക്കെയായി അഞ്ജലി ഇന്ന് എങ്ങനെയുണ്ടാകും എന്നതിന്റെ നേര്ക്കാഴ്ചയാണ് കാജോള് പങ്കുവെച്ചിരിക്കുന്നത്. "മാന്ത്രികത ഒരിക്കല് കൂടി പുനഃസൃഷ്ടിക്കാന് കഴിയുമോ? വര്ഷങ്ങള്ക്ക് ശേഷമുളള അഞ്ജലി ഇതാ" എന്ന രസകരമായ അടിക്കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ തങ്ങളുടെ പ്രിയപ്പെട്ട അഞ്ജലിയോടുളള സ്നേഹം അറിയിച്ചെത്തുന്നത്.
അതേസമയം ചിത്രത്തിന്റെ സംവിധായകന് കരണ് ജോഹറും സിനിമയുടെ മനോഹരമായ ഓര്മകള് ഉള്ക്കൊളളുന്ന ഒരു വീഡിയോ ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ പ്രശസ്തമായ ''പ്യാർ ദോസ്തി ഹൈ'' എന്ന ഡയലോഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ചിത്രത്തിന്റെ സെറ്റിലെ രസകരമായ നിമിഷങ്ങളും ജനപ്രിയ ഗാനങ്ങളും വീഡിയോയില് ഉള്പ്പെടുത്തിയിട്ടുണ്ട്. 'പ്രണയത്തിനും സൗഹൃദത്തിനുമുള്ള ഞങ്ങളുടെ സമര്പ്പണം' എന്നാണ് ചിത്രത്തിന്റെ 28-ാം വാര്ഷികത്തില് കരണ് കുറിച്ചത്.
കരണ് ജോഹര് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കുച്ച് കുച്ച് ഹോത്താ ഹൈ'. ഷാരൂഖ് ഖാന്, കജോള്, റാണി മുഖര്ജി തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില് സല്മാന് ഖാന്റെ അതിഥി വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു.







Comments