
ലണ്ടൻ: ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴച്ച് രാഹുൽ ഗാന്ധിയുടെ യുട്യൂബർ അനുയായി ധ്രുവ് റാഠി. വോട്ടെടുപ്പിലെ ക്രമക്കേടുകൾക്കെതിരെ ('വോട്ട് ചോരി') ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു . ശനിയാഴ്ച ഉച്ചയ്ക്ക് ലണ്ടനിലെ പാർലമെന്റ് സ്ക്വയറിന് മുന്നിൽ ഒത്തുകൂടാൻ അദ്ദേഹം തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. ഇന്ത്യ വിട്ട് ലണ്ടനിൽ എത്തിയതിന് ശേഷമാണ് റാഠി പുതിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
വെള്ളിയാഴ്ച രാത്രി വൈകി എക്സിൽ പങ്കുവെച്ച കുറിപ്പിലാണ്, താൻ ലണ്ടനിൽ എത്തിയെന്നും ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ ഒത്തുകൂടാൻ അനുയായികളോട് അഭ്യർത്ഥിക്കുകയും ചെയ്തത്.
"ഞാൻ ഇപ്പോൾ ലണ്ടനിൽ എത്തിയിരിക്കുന്നു. വോട്ട് ചോർമാരുടെയും ജനാധിപത്യത്തിന്റെ ഘാതകരുടെയും യാഥാർത്ഥ്യം ലോകം കാണേണ്ട സമയമാണിത്. നിങ്ങൾ ഇവിടെയുണ്ടെങ്കിൽ നാളെ ഉച്ചയ്ക്ക് 12 മണിക്ക് പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരൂ," - റാഠി എഴുതി. ഈ വിഷയം അന്താരാഷ്ട്ര തലത്തിലുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇങ്ങനെ കുറിച്ചു: "ഇന്റർനാഷണൽ ഡങ്ക ബജാനെ കാ ടൈം ആ ഗയാ ഹൈ" (അന്താരാഷ്ട്ര തലത്തിൽ കാഹളം മുഴക്കേണ്ട സമയമായിരിക്കുന്നു).
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തിയ ധ്രുവ് റാഠിയെ ഡൽഹി പോലീസ് അദ്ദേഹത്തിന്റെ ഗുരുഗ്രാമിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി വൈകിയാണ് അദ്ദേഹത്തെ വിട്ടയച്ചത്. എന്നാൽ തന്നെ കസ്റ്റഡിയിലെടുത്തതല്ല, തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് അദ്ദേഹം പിന്നീട് ആരോപിച്ചത്.
ശ്രീരാമനെയും സീതാദേവിയെയും കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോയുടെ പേരിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽഹിയിലെ സാകേത് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്-ഓൺ-റെക്കോർഡ് അമിത സച്ദേവയാണ് ഹർജി നൽകിയിട്ടുള്ളത്. സമാനമായ ഉള്ളടക്കങ്ങൾ ഭാവിയിൽ ഉണ്ടാകുന്നതിന് തടസ്സവാദവും സാമ്പത്തിക നഷ്ടപരിഹാരവുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.







Comments