
മതത്തിന്റെ അതിരുകൾക്കപ്പുറം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള ഒരു മുസ്ലിം കുടുംബം. ഹിമാചൽ പ്രദേശിലെ ഷിംലയിലെ ദസറ ആഘോഷങ്ങൾക്ക് രാവണന്റെയും കുംഭകർണന്റെയും മേഘനാദന്റെയും കൂറ്റൻ പ്രതിമകൾ ഒരുക്കുന്നത് ഈ കുടുംബമാണ്. ഏകദേശം 70 വർഷമായി തുടരുന്ന കുടുംബപാരമ്പര്യം മൂന്നാം തലമുറയും മുന്നോട്ടുകൊണ്ടുപോകുകയാണ്. ഒക്ടോബർ 20-ന് നടക്കുന്ന ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി ചരിത്രപ്രസിദ്ധമായ ജാഖു ക്ഷേത്രത്തിലാണ് ഇപ്പോൾ പ്രതിമകളുടെ നിർമാണം പുരോഗമിക്കുന്നത്.
കുടുംബത്തിലെ യുവകലാകാരനായ മുഹമ്മദ് സുഹൈൽ പറയുന്നതനുസരിച്ച്, കഴിഞ്ഞ 20 വർഷമായി ഇവർ ഷിംലയിലെത്തി പ്രതിമകൾ നിർമിക്കുന്നുണ്ട്. അതിനു മുമ്പ് കുടുംബത്തിലെ മുതിർന്നവരായിരുന്നു ഈ ജോലി ചെയ്തിരുന്നത്. ഓരോ വർഷവും ക്ഷേത്രത്തിലെത്തി നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇവർക്ക് ക്ഷേത്രസമിതിയുടെ ഭാഗത്തുനിന്ന് ഭക്ഷണവും താമസസൗകര്യവും ലഭിക്കുന്നുണ്ട്. എല്ലാവരും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് തങ്ങളോട് പെരുമാറുന്നതെന്നും ഇവിടെ താമസിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ലെന്നും സുഹൈൽ പറയുന്നു.
ജാഖു ക്ഷേത്രത്തിന് പുറമേ ഷിംലയിലെ സങ്കട് മോചൻ ക്ഷേത്രം, ഷോഗി, സുന്നി, ജുംഗ തുടങ്ങിയ സ്ഥലങ്ങളിലും ഈ കുടുംബത്തിലെ കലാകാരന്മാർ ദശറയ്ക്കുള്ള പ്രതിമകൾ നിർമിക്കുന്നുണ്ട്. സാധാരണയായി 20 മുതൽ 22 വരെ ആളുകളടങ്ങുന്ന സംഘമാണ് ജോലികൾ ചെയ്യുന്നത്. പ്രതിമകളുടെ പ്രധാന രൂപങ്ങൾ പൂർത്തിയായതായും വസ്ത്രങ്ങളും മറ്റ് അലങ്കാരങ്ങളും ഒരുക്കുന്ന ജോലികളാണ് ഇനി ബാക്കിയുള്ളതെന്നും സുഹൈൽ വ്യക്തമാക്കി. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇത്തവണ പടക്കങ്ങളുടെ ഉപയോഗം കുറയ്ക്കാനും പ്രതിമകളുടെ വസ്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് സംഘത്തിലെ അബ്ദുൽ അസീം പറഞ്ഞു.
മതത്തിന്റെ പേരിൽ മനുഷ്യരെ വിഭജിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് സുഹൈൽ അഭിപ്രായപ്പെട്ടു. സാധാരണക്കാർക്ക് കുടുംബം പോറ്റാനും ഉപജീവനം കണ്ടെത്താനുമാണ് പ്രധാന പരിഗണനയെന്നും മതത്തിന്റെ പേരിൽ ഭിന്നത സൃഷ്ടിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ സമൂഹത്തിനും അവരുടേതായ ആഘോഷങ്ങളുണ്ടെന്നും പരസ്പരം ബഹുമാനിക്കുകയും ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുന്നതാണ് സാഹോദര്യത്തിന്റെ യഥാർഥ അർഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദസറയ്ക്കായി രാവണപ്രതിമ നിർമിക്കുന്ന ഈ മുസ്ലിം കുടുംബത്തിന്റെ പാരമ്പര്യം മതസൗഹാർദത്തിന്റെ മാതൃകയായി ശ്രദ്ധ നേടുകയാണ്.







Comments