
വിനയന് സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യന് താരമാണ് മേഘ്ന സുന്ദര് രാജ്. ‘ബ്യൂട്ടിഫുള്’, ‘മെമ്മറീസ്’ എന്നീ സൂപ്പര്ഹിറ്റ് സിനിമകളിലും നായികയായതോടെ തെലുങ്കിലും കന്നഡയിലും വിജയക്കൊടി പാറിച്ച താരം മലയാളിപ്രേക്ഷകരുടെ മനസ്സിലും തന്റേതായ സ്ഥാനം നേടിയെടുത്തു. തെന്നിന്ത്യയിലെ വിവിധ ഭാഷകളില് തിരക്കുള്ള നായികയായി പ്രേക്ഷകഹൃദയം കീഴടക്കുമ്പോഴും ഉള്ളിന്റെയുള്ളില് ഒളിപ്പിച്ച ഒരു പ്രണയം മേഘ്നയ്ക്കുണ്ടായിരുന്നു, കന്നഡ നടന് ചിരഞ്ജീവി സര്ജ. ആ പ്രണയം പിന്നീട് വിവാഹത്തിലേക്കും എത്തി.
കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നിന്നിരുന്ന മേഘ്നയ്ക്ക് വലിയൊരു നൊമ്പരം നല്കി ചിരഞ്ജീവി അകാലത്തില് വേര്പെട്ടു പോയി. തന്റെ ഭർത്താവിന്റെ അകാല വിയോഗം മേഘ്നയെ തളര്ത്തിയെങ്കിലും പിന്നീടുള്ള താരത്തിന്റെ ജീവിതം മകനെ ചുറ്റിപ്പറ്റിയായിരുന്നു. ഇന്നും സര്ജയെ മാത്രം പ്രണയിച്ചാണ് മേഘ്ന ജീവിക്കുന്നത്. എല്ലാ വിശേഷങ്ങളിലും തന്റെയും സര്ജയുടെയും ചിത്രങ്ങള് മേഘ്ന പങ്കിടാറുണ്ട്.
ഇപ്പോഴിതാ പതിവു തെറ്റിക്കാതെ ഇത്തവണയും ചിരഞ്ജീവി സര്ജയുടെ ജന്മദിനത്തില് ഹൃദയഹാരിയായ ആശംസകള് പങ്കിടുകയാണ് മേഘ്ന രാജ്. സര്ജയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് മേഘ്നയുടെ ആശംസ. ‘‘ജന്മദിനക്കാരൻ... എന്നെന്നും എന്റെ സൂപ്പർസ്റ്റാർ...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേര് ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
സുഹൃത്തുക്കളായി തുടങ്ങിയ ചിരഞ്ജീവിയുടെയും മേഘ്നയുടെയും ബന്ധം ക്രമേണ പ്രണയമായി മാറുകയായിരുന്നു. 10 വര്ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇവര് വലിയ ആഘോഷത്തോടെ 2018 ല് വിവാഹിതരായത്. സിനിമ മേഖലയിൽ ഏറെ ആഘോഷിക്കപ്പെട്ട താരദമ്പതികളായിരുന്നു ഇവര്. പക്ഷേ രണ്ടു വര്ഷം മാത്രമായിരുന്നു ഈ ബന്ധത്തിന്റെ ആയുസ്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടര്ന്ന് 39-ാം വയസ്സില് സര്ജ അന്തരിച്ചത്. സര്ജ പോയി മൂന്ന് മാസത്തിന് ശേഷമാണ് ചിരഞ്ജീവി സര്ജ-മേഘന ദമ്പതികളുടെ പുത്രന് റയാന് രാജ് ജനിച്ചത്.
ഇക്കഴിഞ്ഞ ദിവസം രജനികാന്ത് ചിത്രം ‘ജയിലർ 2’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ തലൈവർക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം മേഘ്ന പങ്കിട്ടിരുന്നു. തന്റെ ഈ സന്തോഷം കുടുംബത്തിന്റെയാകെ സ്വപ്നസാക്ഷാത്കാരമാണെന്നും രജനികാന്തിന്റെ വലിയ ആരാധകനും അഭിനേതാവുമായിരുന്ന തന്റെ അന്തരിച്ച ഭർത്താവ് ചിരഞ്ജീവി സർജയുടെ ആജീവനാന്ത സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും മേഘ്ന കുറിച്ചിരുന്നു. ഏറെ നാളായി സിനിമയില് നിന്ന് വിട്ടുനിന്നിരുന്ന താരം ‘ജയിലര് 2’ വിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.







Comments