
ചെന്നൈ: പ്രശസ്ത തമിഴ് സംഗീതസംവിധായകന് ദേവ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. ദേവനേശന് ചൊക്കലിംഗം എന്ന ദേവ തമിഴും മലയാളവും ഉള്പ്പെടെ വിവിധഭാഷകളില് ഗാനമൊരുക്കി. ഇന്ന് രാവിലെ എട്ടരയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അന്ത്യം സംഭവിച്ചു.
മലയാളത്തില് മമ്മൂട്ടി നായകനായ 'ഫാന്റം' മോഹന്ലാലും പ്രകാശ്രാജും ഒന്നിച്ച 'ദിപ്രിന്സ്', സുരേഷ് ഗോപി ചിത്രമായ 'കിംഗ് സോളമന്' എന്നീ സിനിമകള്ക്കും സംഗീതം നല്കിയിട്ടുണ്ട്. രജനീകാന്ത് നായകനായി വന് ഹിറ്റായ ബാഷയിലും വിജയ് നായകനായ ഖുഷിയും കമല്ഹാസന്റെ അവ്വൈ ഷണ്മുഖിയും അടക്കമുള്ള സൂപ്പര്താരങ്ങളുടെ അനേകം സിനിമയ്ക്കായി പാട്ടൊരുക്കിയിട്ടുള്ള ദേവയുടെ അനേകം ഗാനങ്ങള് വന് ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. നാലു പതിറ്റാണ്ടിലേറെ നീണ്ട കരിയറില് നാനൂറിലധികം ചിത്രങ്ങള്ക്ക് അദ്ദേഹം സംഗീതം പകര്ന്നിട്ടുണ്ട്.
1950 നവംബര് 20 ന് ജയിച്ച ദേവ 1990 ലെ വൈഗാശി പുറന്താച്ച് എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയമായ സംഗീതസംവിധായകനായി മാറിയത്. 1988 - 90 കാലത്ത് വലിയ ഹിറ്റുകള് ഒരുക്കിയ അദ്ദേഹം തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡത്തിലുമായി 400 ലധികം ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രജനീകാന്തിന് വേണ്ടി അദ്ദേഹം ഒരുക്കിയ നമ്പറുകളെല്ലാം വന്ഹിറ്റായി. അരുണാചലം, ആസൈ, വാലി, കാതല്കോട്ടൈ പോലെയുള്ള സിനിമകളിലെ പാട്ടുകള് ഹിറ്റായിരുന്നു. തമിഴ്നാട് സര്ക്കാരിന്റെ കലൈമാണി പുരസ്ക്കാരം നേടിയിട്ടുണ്ട്.
തമിഴ്നാട്ടില് ഇളയരാജയും എ.ആര്. റഹ്മാനും കത്തി നില്ക്കുമ്പോള് പോലും തന്റേതായ ഒരു ഇടം സിനിമയില് സൃഷ്ടിക്കാന് കഴിഞ്ഞിട്ടുള്ള സംഗീത സംവിധായകനായിരുന്നു ദേവ. തേനീസൈ തെൻട്രൽ എന്നായിരുന്നു അദ്ദേഹം തെന്നിന്ത്യന് സിനിമാവേദിയില് അറിയപ്പെട്ടിരുന്നത്.







Comments