വാഷിങ്ടണ്‍: ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വഴി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് വീണ്ടും വീക്കിലിക്സിന്റെ വെളിപ്പെടുത്തല്‍.
വിവരങ്ങള്‍ ചോര്‍ത്തുന്ന സാങ്കേതിക വിദ്യയുടെ നിയന്ത്രണം സി.ഐ.എയില്‍ നിന്ന് നഷ്ടമായതോടെയാണ് രഹസ്യ രേഖകള്‍ പുറത്തായതെന്നാണ് വീക്കിലിക്സ് നല്കുന്ന സൂചനകള്‍. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിയുടെ 9000 രേഖകള്‍ പുറത്തുവിട്ടത്. ഈ രേഖകളിലാണ് ഇത്തരത്തിലുള്ള വിവരങ്ങള്‍ ഉള്ളത്.
കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് സി.ഐ.എ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് കണ്ടെത്തല്‍. ഇത്തരത്തിലൂടെ സ്വകാര്യ വിവരങ്ങളും ചോര്‍ത്തുന്നുണ്ടെന്നാണ് സൂചനകള്‍.
മുന്‍ യു.എസ് രഹസ്യന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാക്കര്‍മാരിലൊരാളാണ് രഹസ്യ രേഖകള്‍ തങ്ങള്‍ക്ക് കൈമാറിയതെന്ന് വീക്കിലിക്സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സി.ഐ.എ വക്താക്കള്‍ ആരും പ്രതികരിച്ചിട്ടില്ല. രഹസ്യരേഖകളുടെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സി.ഐ.എ വക്താവ് അറിയിച്ചു. 2010 ല്‍ സൈനിക വിഭാഗവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷത്തിലധികം രഹസ്യ രേഖകളാണ് വീക്കിലിക്സ് പുറത്ത് വിട്ടിരുന്നത്.






