
ലക്നൗ: നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ മറികടന്ന് നരേന്ദ്രമോഡിക്ക് വന്‍ നേട്ടം സമ്മാനിച്ചു കൊണ്ട് ഉത്തര്‍പ്രദേശില്‍ ബിജെപി തൂത്തു വാരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിച്ചുകൊണ്ട് വോട്ടെണ്ണല്‍ എല്ലാ സീറ്റുകളിലേക്കും എത്തുമ്പോള്‍ ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുന്ന കാഴ്ചകളാണ് കാണുന്നത്.
നരേന്ദ്ര മോഡിയുടെ നീക്കങ്ങള്‍ ഏറ്റെന്ന വ്യക്തമായ സൂചന നല്‍കിക്കൊണ്ട് വോട്ടെണ്ണലില്‍ ലീഡ് ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബിജെപി 375 സീറ്റുകളില്‍ 262 എണ്ണത്തിലാണ് ലീഡ് നേടുന്നത്. ഭരണം നേടാനുള്ള കേവല ഭൂരിപക്ഷം 202 സീറ്റുകള്‍ ആണെന്നിരിക്കെ മൃഗീയ ഭൂരിപക്ഷത്തിലേക്ക് ഉയര്‍ന്നിരിക്കുയാണ് ബിജെപി. മുലായം സിംഗ് യാദവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് പിളര്‍പ്പിലേക്ക് നീങ്ങുകയും ഒടുവില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോണ്‍ഗ്രസിന്റെ കരം പിടിക്കുകയും ചെയ്ത സമാജ്വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മാറുകയാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഏകദേശം പൂര്‍ത്തിയാകുമ്പോള്‍ ഏറെ പിന്നിലാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ വരുന്ന ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് സീറ്റുകള്‍ സെഞ്ച്വറിയിലേക്ക് എത്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. നിലവിലെ ഭരണകക്ഷിയായ എസ്പിയ്ക്കു 77 സീറ്റുകളിലെ ലീഡ് കണ്ടെത്താനായിട്ടുള്ളൂ. അഖിലേഷിന്റെ തന്ത്രങ്ങള്‍ ഇത്തവണ പിഴച്ചപ്പോള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം വന്‍ പരാജയമായി മാറി. യുപിയില്‍ മറ്റൊരു വന്‍ തിരിച്ചടി നേരിടുന്നത് ബിഎസ്പിയ്ക്കാണ് 24 സീറ്റുകളിലായി അവരുടെ ലീഡ്. മറ്റുള്ളവര്‍ 12 സീറ്റുകളിലാണ് മുന്നിലുള്ളത്.






