
അങ്ങനെ സുന്ദരിമാരുടെ മാനസകാമുകനായ ജെയിംസ് ബോണ്ട് 007 എന്ന കുറ്റാന്വേഷന്റെ കുപ്പായം ഒടുവില്‍ ദാനിയേല്‍ ക്രെയ്ഗും അഴിക്കുന്നു. ബോണ്ടിന് പറ്റിയ പുതിയ മുഖം തേടി ഫ്രാഞ്ചൈസി തെരച്ചില്‍ ആരംഭിച്ചിട്ടുള്ളതായും ഹോളിവുഡ് താരം ജാക്ക് ഹുസ്റ്റണില്‍ എത്തി അത് നില്‍ക്കുന്നതായിട്ടുമാണ് വിവരം.
എന്തായാലും വരാന്‍ പോകുന്ന പുതിയ ചാരക്കഥയില്‍ പുതിയ നായകനാകുമെന്ന് ഉറപ്പ്. വിഖ്യാത ചിത്രം ബെന്‍ഹറിന്റെ റീമേക്കില്‍ അഭിനയിച്ചതാണ് ജാക്കിനെ പരിഗണിക്കാന്‍ കാരണമായിരിക്കുന്നത്. അതേസമയം ജെയിംസ് ബോണ്ട് പോലെ വിഖ്യാതനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വന്‍ നടന്മാരില് ആരെങ്കിലും വേണമെന്ന ചിന്തയും ഫ്രാഞ്ചൈസികളെ അലട്ടുന്നുണ്ട്. എന്നാല്‍ ജാക്കിന്റെ പ്രായവും സൗന്ദര്യവും മികച്ച അഭിനയപാടവവും കൂടുതല്‍ അനുയോജ്യമാക്കുന്നു.
അതേസമയം ഇത്തവണ ഒരു കറുത്ത ബോണ്ടാകട്ടെ എന്ന ഉദ്ദേശത്തില്‍ ആദ്യം പറഞ്ഞു കേട്ട പേര് കറുത്ത വര്‍ഗ്ഗക്കാരനായ ഇഡ്രിസ് എല്ബയുടേതായിരുന്നു. എന്നാല്‍ കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സൊളാസ്, സ്കൈഫാള്‍, സ്പെക്ട്ര എന്നീ സിനിമകളില്‍ തിളങ്ങിയ ദാനിയേല്‍ ക്രെയ്ഗ് തന്നെ ഇത്തവണയും വേഷം ചെയ്യട്ടെ എന്ന് വിചാരിച്ചാല്‍ ഈ ബ്രിട്ടീഷ് നടന് ഒരവസരം കൂടി കിട്ടും. അനേകം നടന്മാര് ബോണ്ടിനെ ചെയ്തെങ്കിലും പിയേഴ്സ് ബ്രോസ്നനാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്.






