
മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'ബഷീറിന്റെ പ്രേമലേഖനം' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ "ടിവി കണ്ട്ക്ക്ണാ" ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി സെറ്റ് കൊണ്ട് വന്നപ്പോൾ അയൽപക്കത്തിന്റെ ആവേശവും അതിൽ അവർ മുഴുകിയിരിക്കുന്നതുമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അർഷിദ് ശ്രീധറിന്റെ വരികൾക്ക് വിഷ്ണു മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സദത്ത് ആണ്.
അനീഷ് അൻവർ സംവിധാനം നിർവഹിച്ച 'ബഷീറിന്റെ പ്രേമലേഖനം'ത്തിൽ പ്രശസ്ത നടിനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഫർഹാൻ ഫാസിലും സന അൽതാഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വർഗ്ഗീസ്, ആശ അരവിന്ദ്, കണാരൻ ഹരീഷ്, സുനിൽ സുഖദ, മണികണ്ഠൻ, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഷിനോദ്, ഷംസീർ, ബിബിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഫോർട്ട് എന്റർടൈൻമെന്റി ബാനറിലാണ് ചിത്രം നിർമിച്ചിട്ടുള്ളത്.






