
ആലുവ : 'അങ്കമാലി ഡയറീസ്' എന്ന സിനിമയുടെ പ്രചരണത്തിനായി നിയമലംഘനം നടത്തിയ വാഹനം എവിടെ കണ്ടാലും ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റൂറല്‍ എസ്പി എ.വി ജോര്‍ജ്. വാഹന ഉടമയ്ക്ക് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.
'അങ്കമാലി ഡയറീസി'ന്റെ പ്രചരണത്തിനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും സഞ്ചരിച്ച വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ചിരുന്നതിനാണ് പോലീസ് തടഞ്ഞത്. എന്നാല്‍, നിയമലംഘനം നടത്തിയ വാഹനം കസ്റ്റഡിയില്‍ എടുക്കുകയോ തുടര്‍നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇതേക്കുറിച്ച് റൂറല്‍ എസ്പി-ഡിവൈഎസ്പിയോട് വിശദീകരണം തേടിയിരുന്നു.
ഇതിനിടെ, വാഹനം തടഞ്ഞ സംഭവത്തില്‍ പോലീസിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് വിജയ്ബാബു ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച യാതൊരു വിശദീകരണവും ഡിജിപിയുടെ ഭാഗത്തു നിന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതിയുടെയും ഡിജിപിയുടെയും നിര്‍ദേശമുള്ളതാണെന്നും എസ്പി പറഞ്ഞു.






