
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയങ്ങളിലിടം നേടിയ സംവിധായകനാണ് ജിബു ജേക്കബ്ബ്. ഛായാഗ്രാഹകനില്‍ നിന്നും സംവിധായകനിലേക്കുള്ള വളര്‍ച്ചയില്‍ ജിബുവിന് പറയാനേറെയുണ്ട്...
സിനിമയുടെ സാങ്കേതികവശങ്ങളോ ശൈലിയോ അറിയുന്ന പ്രായമായിരുന്നില്ല ആ ആറാംക്ലാസുകാരന്. കൊച്ചി വൈപ്പിനിലെ ഞാറയ്ക്കല്‍ മജസ്റ്റിക്ക്് തീയറ്ററിലെ മിന്നിമായുന്ന വിസ്മയദൃശ്യങ്ങളിലേക്ക് അവന് നോക്കിയിരുന്നു.
അഭ്രപാളികളില്‍ മിന്നിമറയുന്ന ദൃശ്യങ്ങളെ അവന് മനസ്സില്‍ പതിപ്പിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ആറാം ക്ലാസുകാരന് അറിയപ്പെടുന്ന ഛായാഗ്രാഹകനായി, മലയാളികള്‍ക്കേറ്റവും പ്രിയങ്കരനായ സംവിധായകനായി.
വെള്ളിമൂങ്ങയെന്ന ചിത്രത്തില്‍ തുടങ്ങി മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍ എന്ന ചിത്രത്തിലെത്തി നില്ക്കുന്നു ജിബു ജേക്കബ്ബ് എന്ന സംവിധായകന്റെ സിനിമാജീവിതം. മലയാളികളുടെ പ്രിയസംവിധായകന് ജിബു ജേക്കബ്ബിന്റെ ജീവിതത്തിലേക്ക്..
ഛായാഗ്രാഹകനില്‍ നിന്നു സംവിധായകനിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു ?
മാറ്റത്തേക്കാളുപരി സംവിധാനകലയെ ഞാനൊരുപാട് ആസ്വദിക്കുന്നുണ്ട്. ഒരു സാധാരണ ഛായാഗ്രാഹകനില്‍ നിന്ന് സംവിധായകനിലേക്കെത്തിയപ്പോള് കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ട്. അതൊരു സന്തോഷമാണ്.
സിനിമാമോഹം ചെറുപ്പകാലത്തേ മനസ്സിലുണ്ടായിരുന്നോ ?
കുട്ടിക്കാലത്ത് തന്നെ സിനിമ എന്റെ മനസ്സില്‍ കയറിക്കൂടിയിരുന്നു. എന്റെ നാട് കൊച്ചിയിലെ ഞാറയ്ക്കലാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടുണ്ട്. അന്ന് ഞാറയ്ക്കലില്‍ മജസ്റ്റിക്ക് തീയറ്റര്‍ മാത്രമാണുള്ളത്. അവിടയെത്തിയാണ് സിനിമകളെല്ലാം കാണുന്നത്.
മജസ്റ്റിക്ക് ഇപ്പോള്‍ പുതുക്കി. അതി നു ശേഷം ആദ്യം റിലീസ് ചെയ്ത ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴാണ്. സിനിമാസമരത്തിന് മുന്‍പ് റിലീസ് ചെയ്യാനിരുന്നതാണ്. പക്ഷേ അതിന് സാധിച്ചില്ല. പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷമാണ് റിലീസ് ചെയ്തത്.
സിനിമാസമരം സംവിധായകനെന്ന നിലയില്‍ പ്രതികൂലമായി ബാധിച്ചില്ലേ?
തീര്‍ച്ചയായും. രണ്ട് വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ ചിത്രം. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുരിതം നിറഞ്ഞ നാളുകളിലൂടെയാണ് കടന്നുപോയത്.
ക്രിസ്മസ് സീസണ് മുന്നില്‍ക്കണ്ടാണ് ചിത്രമൊരുക്കിയത്. പക്ഷേ സിനിമാസമരം ഞങ്ങളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും മാറ്റി മറിച്ചു. പത്ത് ദിവസത്തെ വെക്കേഷനാണ് നഷ്ടപ്പെട്ടത്.
രണ്ട് കോടിയോളം നഷ്ടമാണ് ഇതുമൂലമുണ്ടായത്. സിനിമാസമരം അവസാനിച്ചപ്പോള്‍ പറയത്തക്ക ഗുണം ആര്‍ക്കുമുണ്ടായില്ല. പിന്നെ എന്തിനായിരുന്നു ഒരു സമരം ?
ഉലഹന്നാനെന്ന കഥാപാത്രം എങ്ങനെയാണ് മോഹന്ലാലിലേക്കെത്തിയത് ?
ഞാനല്ല ലാലേട്ടനെ തെരഞ്ഞെടുത്തത്. പ്രോജക്ടിന്റെ ഏകദേശ ധാരണയായതിന് ശേഷമാണ് ഞാന്‍ ഈ ചിത്രത്തിലേക്കെത്തിയത്. വെള്ളിമൂങ്ങയ്ക്ക് ശേഷം മറ്റ് രണ്ട് പ്രോജക്ടുകള്‍ പ്ലാന്‍ ചെയ്യുമ്പോഴാണ് മുന്തിരിവള്ളിയുടെ നിര്‍മ്മാതാവ് സോഫിയ പോള്‍ എന്നെ വിളിച്ചത്.
അവര്‍ നേരത്തെ സിന്ധുരാജിന്റെ കഥ കേട്ടിരുന്നു. മാതൃഭൂമിയില്‍ വന്ന വി.ജെ.ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥ തയ്യാറാക്കിയത്.
ആദ്യ കഥയില്‍ ഉലഹന്നാന്റെ മനോവിചാരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സിനിമയാക്കാന്‍ പാകത്തിനുള്ള തിരക്കഥയാക്കി. അത് സോഫിച്ചേച്ചി ലാലേട്ടനോട് പറഞ്ഞു. ലാലേട്ടന് കഥ വളരെയധികം ഇഷ്ടപ്പെട്ടു.
പിന്നീടാണവര്‍ സംവിധായകനെക്കുറിച്ച് ആലോചിച്ചത്. പല ചര്‍ച്ചകള്‍ക്കൊടുവില്‍ എന്നെ തെരഞ്ഞെടുത്തു. സംവിധായകന് മുന്‍പേ ഉലഹന്നാന് തീരുമാനിക്കപ്പെട്ടിരുന്നു എന്ന് പറയുന്നതാവും ശരി. സിനിമയുടെ കഥ കേട്ടാല്‍ ഉലഹന്നാന് എന്ന കഥാപാത്രത്തിന് ലാല്‍ സാറിനെ മാത്രമേ ആരായാലും തെരഞ്ഞെടുക്കൂ.
ചിത്രം ഇത്രത്തോളം ജനപ്രീതി നേടുമെന്ന് ചിന്തിച്ചിരുന്നോ ?
വിശ്വാസമുണ്ടായിരുന്നു. ആ കഥ കേട്ടപ്പോള്‍ തന്നെ ഇതൊരു മികച്ച ചിത്രമായിരിക്കുമെന്ന വിശ്വാസം എന്നിലുണ്ടായിരുന്നു. ശക്തമായ തിരക്കഥയുടെ പിന്‍ബലമാണ് എന്നെ ഈ ചിത്രത്തിന്റെ ഭാഗമാക്കിയത്. കൂടാതെ ലാലേട്ടന്റെ അഭിനയം. ഒപ്പം പുലിമുരുകന്റെയും ഒപ്പത്തിന്റെയും വിജയം. ഇതെല്ലാം ചിത്രത്തിന്റെ വിജയക്കുതിപ്പിലേക്കുള്ള കാരണങ്ങളായി.
ഉലഹന്നാന്റെ ഓരോ ചേഷ്ടയും മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടാണ് ലാലേട്ടന് സെറ്റിലെത്തിയത്. ലാലേട്ടന്റെ ശരീരത്തിലെ രോമങ്ങള്‍ വരെ അഭിനയിക്കും.
അദ്ദേഹത്തിന്റെ കൈയോ കാലോ മാത്രമേ ചിത്രീകരിക്കുന്നുള്ളുവെങ്കിലും അതിലും അദ്ദേഹം എന്തെങ്കിലും ഭാവങ്ങളെത്തിക്കും. അതുകൊണ്ടാണ് പലരും പറയുന്നത് ലാലേട്ടന്റെ മുടി മുതല്‍ നഖം വരെ അഭിനയിക്കുമെന്ന്.
ഒരുപാട് സന്ദേശങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സിനിമയാണ് മുന്തിരിവള്ളി. മുന്തിരിവള്ളിയുടെ വിജയത്തില്‍ തിരക്കഥാകൃത്ത് എം.സിന്ധുരാജിന്റെ പങ്ക് വലുതല്ലേ ?
സിനിമയുടെ കഥ മാത്രമാണ് ആദ്യം തയ്യാറാക്കിയത്.അതിന് ശേഷമാണ് തിരക്കഥ എഴുതുന്നത്. തിരക്കഥ രൂപപ്പെടുത്തുമ്പോള്‍ സിന്ധുരാജിനൊപ്പം ഞാനുമുണ്ടായിരുന്നു. എത്ര കഥാപാത്രങ്ങള്‍ വേണം, ആരൊക്കെയായിരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് അപ്പോഴാണ്.
ഈ തിരക്കഥ തയ്യാറായപ്പോഴേ ഞാന്‍ പറഞ്ഞിരുന്നു ഇത് വളരെയധികം ശ്രദ്ധിക്കപ്പെടുമെന്ന്. സിന്ധുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായിരിക്കും ഇത്. അതിന്റെ ഭാഗമാവാന്‍ എനിക്ക് സാധിച്ചതിലും എനിക്കൊരുപാട് സന്തോഷമുണ്ട്.
ചിത്രത്തില്‍ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പലപ്പോഴും യഥാര്ത്ഥജീവിതമാണെന്ന് തോന്നിപ്പോകും... ?
എന്റെ വീട്ടിലുമുണ്ട് ഒരു വീട്ടമ്മ. എന്റെ ഭാര്യ. തിരക്കഥാകൃത്ത് സിന്ധുരാജിന്റെ ഭാര്യയും വീട്ടമ്മയാണ്. അവരുടെയെല്ലാം ജീവിതം അടുത്തറിഞ്ഞാണ് മീന ചെയ്ത ആനിയമ്മയെന്ന കഥാപാത്രത്തെ പൂര്‍ത്തീകരിച്ചത്. ഉലഹന്നാനെന്ന കഥാപാത്രവും പലരിലുമുണ്ട്. എന്റെയുള്ളിലും ഒരു ഉലഹന്നാനുണ്ട്.
വെള്ളിമൂങ്ങ ഒരു പൊളിറ്റിക്കല്‍ സറ്റെയര്‍ ആയിരുന്നു. മുന്തിരിവള്ളികള്‍ പൂര്‍ണ്ണമായും ഒരു കുടുംബചിത്രം. വ്യത്യസ്തത ആഗ്രഹിക്കുന്ന വ്യക്തിയാണോ ?
വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യമുള്ളൊരു തിരക്കഥ ലഭിച്ചപ്പോള്‍ അതെന്നെക്കൊണ്ടാവുംവിധം മനോഹരമാക്കണമെന്നെനിക്ക് തോന്നി.
വെള്ളിമൂങ്ങയില്‍ ബിജു മേനോനെ നായകനാക്കിയത് അദ്ദേഹവുമായുള്ള സൗഹൃദമാണ്. മാമച്ചനെന്ന കഥാപാത്രം രൂപപ്പെട്ടപ്പോള്‍ ബിജു മാത്രമാണെന്റെ മനസ്സില്‍ തെളിഞ്ഞത്. എന്നോടടുപ്പമുള്ള പലരും പറഞ്ഞു, മറ്റാരെയെങ്കിലും തെരഞ്ഞെടുക്കാന്‍. എന്നാല്‍ ഞാനെന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു.
മാമച്ചനെപ്പോലെ അനവധി കഥാപാത്രങ്ങളെ ബിജുവിന് പരിചയമുണ്ട്. അതെല്ലാം കണ്ടാണ് അദ്ദേഹം കഥാപാത്രത്തെ പൂര്‍ത്തീകരിച്ചത്. നായകനാകാന്‍ ബിജുവിന് ചെറിയൊരു മടിയും പേടിയുമുണ്ടായിരുന്നു. എന്നാല്‍ പിന്നീടതെല്ലാം മാറി.
മുന്തിരിവള്ളികള്‍ കണ്ടിറങ്ങുമ്പോള്‍ പലര്‍ക്കും കണ്ണ് നിറയുന്നുണ്ട്. മനസ്സിനെ വളരെയധികം സ്വാധീനിക്കുന്നൊരു ഘടകം അതിലുണ്ട്. അതെന്താണ് ?
ഇന്നത്തെ കുടുംബബന്ധങ്ങളുടെ അവസ്ഥയാണ് കാണിക്കുന്നത്. കഷ്ടപ്പാടുകള്‍ക്കിടയില്‍ വളര്‍ത്തി വലുതാക്കി പഠിപ്പിക്കാന്‍ വിട്ട മക്കള്‍ പരിചയപ്പെട്ട് മാസങ്ങളാകുന്നൊരു ചെറുപ്പക്കാരനൊപ്പം ഇറങ്ങിപ്പോവുക.
അതും ജീവനുതുല്യം അവരെ സ്നേഹിച്ച അച്ഛനമ്മമാരെ ഉപേക്ഷിച്ചിട്ട്. മക്കളെയും അച്ഛനമ്മമാരെയും ജീവന് തുല്യം സ്നേഹിക്കുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ താങ്ങാനാവുന്നതിലുമപ്പുറമാണ്.
ഈ ചിത്രത്തിലെ ഭാര്യാഭര്‍ത്തൃബന്ധത്തിലെ സ്നേഹവും വിശ്വാസവും മക്കള്‍ക്ക് നല്ലൊരു സന്ദേശം നല്കുമെന്നൊരു വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. പലരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതും ഇതാവാം.
ജീവിതത്തിലൊരുപാട് സ്വാധീനിച്ച വ്യക്തികളാരെങ്കിലും ?
എന്റെ ഗുരുനാഥന് സാലു ജോര്‍ജ്ജ്. ക്യാമറാമാനാണ്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി 15 വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം എനിക്ക് പകര്‍ന്ന് നല്കിയ പാഠങ്ങളാണ് എന്നെ ഇവിടെയെത്തിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.